പ്രജ്വൽ വിവാദം: ദൃശ്യം ചോർത്തിയ ബിജെപി നേതാവ് പീഡനക്കേസിൽ അറസ്റ്റിൽ
Mail This Article
ബെംഗളൂരു∙ കർണാടകയിലെ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങൾ ചോർത്തിയെന്നു സംശയിക്കുന്ന ബിജെപി നേതാവ് ദേവരാജെ ഗൗഡയെ ലൈംഗിക പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകൻ കൂടിയായ ഇയാൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രജ്വലിന്റെ പിതാവ് രേവണ്ണയ്ക്കെതിരെ ഹൊളെനരസിപുരയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടതാണ്.
-
Also Read
കോൺഗ്രസിന് പരമാവധി 50 സീറ്റെന്ന് മോദി
കോടതിയിൽ ഹർജി നൽകുന്നതിനായി ഗൗഡയെ സമീപിച്ച യുവതിയെ പീഡിപ്പിച്ചെന്നാണു കേസ്. സമൂഹമാധ്യമങ്ങളിലൂടെ ഗൗഡ ശല്യപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ ഏപ്രിൽ ഒന്നിന് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞദിവസമാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി വീണ്ടും പരാതി നൽകിയത്. പിന്നാലെ ഒളിവിൽപോയ ഗൗഡയെ ചിത്രദുർഗയിലെ ഹുളിഹൽ ടോൾ ഗേറ്റിൽ നിന്ന് പിടികൂടുകയായിരുന്നു.
പ്രജ്വലിന്റെ ഫോണിൽ നിന്നു പകർത്തിയ അശ്ലീല ദൃശ്യങ്ങൾ ദേവെരാജ ഗൗഡയ്ക്കു കൈമാറിയതായി മുൻ ഡ്രൈവർ കാർത്തിക് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിവാദങ്ങൾ ബിജെപി–ദൾ സഖ്യത്തെ ബാധിക്കില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി സമിതി അംഗവുമായ ബി.എസ്. യെഡിയൂരപ്പ പറഞ്ഞു.
നിയമസഭാ കൗൺസിലിലെ 6 സീറ്റിലേക്ക് ജൂൺ 3ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി 4, ദൾ 2 സീറ്റിൽ സ്ഥാനാർഥികളെ നിർത്തുമെന്നും അറിയിച്ചു. അതേസമയം, ലൈംഗികപീഡനക്കേസിൽ കുറ്റാരോപിതനായതിനെ തുടർന്ന് വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് തയാറാകാത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു.