ബജറ്റിന്റെ 15% മുസ്ലിംകൾക്ക് നൽകാൻ കോൺഗ്രസ് ശ്രമിച്ചു: മോദി
Mail This Article
നാസിക്, കല്യാൺ (മഹാരാഷ്ട്ര) ∙ രാജ്യത്തെ ബജറ്റിന്റെ 15% വിഹിതം മുസ്‌ലിംകൾക്കു നൽകാൻ കോൺഗ്രസ് ആഗ്രഹിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കു വെവ്വേറെ ബജറ്റുകൾ വേണമെന്നാണ് അവരുടെ ആഗ്രഹം. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്‌ലിംകളാണെന്നായിരുന്നു യുപിഎ സർക്കാരിന്റെ നിലപാട്. കോൺഗ്രസിനു ഭരണം കിട്ടിയാൽ കർണാടക മാതൃകയിൽ ഒബിസി സംവരണം കവർന്ന് മുസ്‌ലിംകൾക്കു നൽകും. ഒറ്റ ന്യൂനപക്ഷമേ കോൺഗ്രസിനു മുന്നിലുള്ളൂ. അത് അവരുടെ പ്രിയപ്പെട്ട വോട്ട് ബാങ്കാണെന്നും മോദി പറഞ്ഞു.
മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കോൺഗ്രസിന്റെയും ഇന്ത്യാമുന്നണിയുടെയും പദ്ധതികളാണ് താൻ തുറന്നുകാട്ടുന്നത്. സ്വന്തം പ്രതിഛായയെക്കാൾ പ്രധാനം രാജ്യത്തിന്റെ ഐക്യമാണ്– കല്യാണിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും സിറ്റിങ് എംപിയുമായ ശ്രീകാന്ത് ഷിൻഡെയുടെ പ്രചാരണ സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് വിഭജനമോ മതത്തിന്റെ അടിസ്ഥാനത്തിൽ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണമോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.