ഇനി ‘മുംബൈ യുദ്ധം’ ശിവസേനകൾ തമ്മിൽ; യഥാർഥ ശിവസേന ആരെന്നു തെളിയിക്കാൻ മത്സരം
Mail This Article
മുംബൈ ∙ ‘യഥാർഥ ശിവസേന’ ഏതെന്ന് അറിയാനുള്ള പോരാട്ടമാണ് ഇനി മഹാരാഷ്ട്രയിൽ. ഇൗ മാസം 20ന് 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. അതിൽ പത്തും ശിവസേനയുടെ തട്ടകമായ മുംബൈ മഹാനഗരമേഖലയിലാണ്. അഞ്ചെണ്ണത്തിൽ ശിവസേനാ ഉദ്ധവ് വിഭാഗവും ഷിൻഡെ പക്ഷവും നേരിട്ട് ഏറ്റുമുട്ടുന്നു. സംസ്ഥാനം ഉറ്റുനോക്കുന്നതാണ് ഈ പോരാട്ടം.
പാർട്ടി പിളർത്തി ബിജെപിയോട് കൈകോർത്ത ഷിൻഡെ വിഭാഗത്തെയാണ് യഥാർഥ ശിവസേനയായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും മഹാരാഷ്ട്ര സ്പീക്കറും അംഗീകരിച്ചത്. ശിവസേനയെന്ന പേരും അമ്പും വില്ലും ചിഹ്നവും ഷിൻഡെ സ്വന്തമാക്കി. എന്നാൽ, ഇത് ജനങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് 20ന് വോട്ടുയന്ത്രത്തിൽ പതിയുക.
മുംബൈ കോർപറേഷൻ പരിധിയിലെ ആറിൽ നാലിടങ്ങളിൽ ഉദ്ധവ് പക്ഷം, 2 സീറ്റുകളിൽ കോൺഗ്രസ് എന്ന മട്ടിലാണ് ഇന്ത്യാമുന്നണിയിലെ സീറ്റ് വിഭജനം. ഉദ്ധവ് പക്ഷത്തിന്റെ 4 സീറ്റുകളിൽ മൂന്നിലും ശിവസേനാ ഷിൻഡെ വിഭാഗത്തിൽ നിന്നാണ് എതിർസ്ഥാനാർഥികൾ. സമീപ മേഖലയിലെ താനെയിലും കല്യാണിലും ഷിൻഡെ, ഉദ്ധവ് പക്ഷങ്ങൾ കൊമ്പുകോർക്കുന്നു. പാർട്ടി പിളർത്തലിനെത്തുടർന്നുള്ള സഹതാപത്തിലാണ് ഉദ്ധവും ഇന്ത്യാമുന്നണിയും പ്രതീക്ഷയർപ്പിക്കുന്നത്. മുസ്‌ലിം, ദലിത് വോട്ട് ബാങ്ക് തങ്ങളിലേക്ക് തിരിച്ചുവരുമെന്നും ഉദ്ധവിന്റെ ശിവസേന മത്സരിക്കുന്ന മണ്ഡലങ്ങളിൽ അവർക്ക് അനുകൂലമാകുമെന്നും കോൺഗ്രസ് കരുതുന്നു.
അതേസമയം, രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം, മുംബൈയിലെ തീരദേശ റോഡ്, മെട്രോ പാതകൾ, ബുള്ളറ്റ് ട്രെയിൻ പദ്ധതി, നിർദിഷ്ട നവിമുംബൈ വിമാനത്താവളം എന്നിങ്ങനെ വികസനത്തിന്റെ പട്ടിക വോട്ടർമാരുടെ മുന്നിലേക്ക് നിരത്തുകയാണ് ബിജെപി. വികസനം വേണോ, വികാരം മതിയോ (ശിവസേനാ പിളർപ്പിന്റെ പേരിൽ) എന്ന ചോദ്യത്തിനാണ് പോളിങ് ബൂത്തിൽ ഉത്തരം കുറിക്കേണ്ടതെന്ന് എൻഡിഎ നേതാക്കൾ പറയുന്നു.
പോരാട്ടം കടുക്കുമ്പോഴും വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കലാണ് ഇരുമുന്നണികളുടെയും വെല്ലുവിളി. 55 ശതമാനത്തിൽ താഴെയാണ് 10 മണ്ഡലങ്ങൾ ഉൾപ്പെടുന്ന വിശാല മുംബൈയിലെ ശരാശരി പോളിങ്. അവധിക്കാലമായതിനാൽ ഇതരസംസ്ഥാനക്കാരായ വോട്ടർമാരിൽ നല്ലൊരു വിഭാഗം സ്വന്തം നാടുകളിലേക്കു മടങ്ങിക്കഴിഞ്ഞു.
വിശാല മുംബൈയിലെ മണ്ഡലങ്ങൾ
മുംബൈ സൗത്ത്, മുംബൈ നോർത്ത്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് ഇൗസ്റ്റ്, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ സൗത്ത് സെൻട്രൽ, താനെ, കല്യാൺ, പാൽഘർ, ഭിവണ്ടി.
‘ആഡംബര മണ്ഡലം’ മുംബൈ സൗത്ത്
അംബാനി, ടാറ്റ, ബിർള, വേദാന്ത എന്നിവയടക്കം രാജ്യത്തെ മുൻനിര വ്യവസായ ഗ്രൂപ്പുകളുടെ മേധാവികളും കുടുംബാംഗങ്ങളും വോട്ടർമാരായ മണ്ഡലമാണ് മുംബൈ സൗത്ത്. റിസർവ് ബാങ്ക്, ബോംബെ സ്റ്റോക് എക്സ്ചേഞ്ച്, സെക്രട്ടേറിയറ്റ്, ഹൈക്കോടതി, ഗേറ്റ്‌വേ ഓഫ് ഇന്ത്യ എന്നിവയും അതിസമ്പന്നരുടെ താമസമേഖലകളായ മലബാർ ഹിൽ, പെഡ്ഡർ റോഡ്, കൊളാബ, കഫ് പരേഡ് പ്രദേശങ്ങളും മണ്ഡലത്തിന്റെ ഭാഗമാണ്. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കെല്ലാം തിരഞ്ഞെടുപ്പു ഫണ്ടിൽ നല്ലൊരു ഭാഗവും ലഭിക്കുന്നത് മുംബൈ സൗത്തിലെ വോട്ടർമാരായ വ്യവസായികളിൽ നിന്നാണ്.
തിരഞ്ഞെടുപ്പിന്റെ ‘സാമ്പത്തിക തലസ്ഥാന’മാണു മണ്ഡലം. ശിവസേനാ ഉദ്ധവ് വിഭാഗം നേതാവും സിറ്റിങ് എംപിയുമായ അരവിന്ദ് സാവന്തും ഷിൻഡെ വിഭാഗത്തിലെ യാമിനി ജാധവും തമ്മിലാണ് ഇവിടെ മത്സരം. ഹാട്രിക് തേടിയിറങ്ങുന്ന സാവന്തിനാണ് മേൽക്കൈ.
ഉദ്ധവിന് നിർണായകം
പാർട്ടി പിളരുകയും പ്രധാന നേതാക്കളെല്ലാം കയ്യൊഴിയുകയും ചെയ്തിരിക്കെ ഉദ്ധവ് താക്കറെയ്ക്ക് ഇത് ജീവൻമരണ പോരാട്ടമാണ്. സഹതാപതരംഗം അവകാശപ്പെടുന്ന അദ്ദേഹത്തിന് അണികൾ തനിക്കൊപ്പമാണെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. 5 മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ, മുംബൈയിലെ ജനവിധി ഉദ്ധവിന് നിർണായകം.
പ്രധാന സ്ഥാനാർഥികൾ
∙ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ (ബിജെപി). മണ്ഡലം: മുംബൈ നോർത്ത് – ബിജെപി ശക്തികേന്ദ്രം, നില ഭദ്രം.
∙ കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി കപിൽ പാട്ടീൽ (ബിജെപി): മണ്ഡലം: ഭിവണ്ടി – എൻസിപി ശരദ് പവാർ വിഭാഗം സ്ഥാനാർഥിയിൽ നിന്ന് ശക്തമായ മത്സരം നേരിടുന്നു.
∙ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻെഡ (ശിവസേന): മണ്ഡലം: കല്യാൺ – നില ഭദ്രം.
∙ 2008 മുംബൈ ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം (ബിജെപി): മണ്ഡലം: മുംബൈ നോർത്ത് സെൻട്രൽ – കോൺഗ്രസ് മുംബൈ ഘടകം അധ്യക്ഷയും ദലിത് നേതാവുമായ വർഷ ഗായ്ക്‌വാദിൽ നിന്നു ശക്തമായ മത്സരം നേരിടുന്നു.