നഷ്ടമായ ഫോണുകൾ 16.13 ലക്ഷം; കിട്ടിയത് 1.32 ലക്ഷം
Mail This Article
ന്യൂഡൽഹി ∙ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തെന്ന വ്യക്തികളുടെ പരാതികളിൽ ഒരു വർഷത്തിനിടെ രാജ്യത്ത് ബ്ലോക് ചെയ്തത് 16.13 ലക്ഷം മൊബൈൽ ഫോണുകൾ. സൈബർ തട്ടിപ്പുകളിൽ ഉൾപ്പെട്ടതിന്റെ പേരിൽ ബ്ലോക് ചെയ്ത 1.86 ലക്ഷം മൊബൈൽ ഫോണുകൾക്കു പുറമേയാണിത്. നഷ്ടപ്പെട്ട 16.13 ലക്ഷം ഫോണുകളിൽ 1.32 ലക്ഷം ഫോണുകൾ മാത്രമാണു തിരിച്ചുപിടിക്കാനായത്. അതായതു നഷ്ടപ്പെട്ടതിന്റെ 8.17% മാത്രം. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പർ ടെലികോം വകുപ്പ് വിലക്കുന്നതിനാൽ മറ്റാർക്കും ഇവയിൽ സിം കാർഡ് ഉപയോഗിക്കാനാവില്ല. ഫോണുകൾ ദുരുപയോഗം ചെയ്യുന്നത് ഇതിലൂടെ തടയാം.
കേരളത്തിൽ
നഷ്ടപ്പെട്ടത് 22,136 ഫോണുകൾ
2023 മേയ് 16നുശേഷം കേരളത്തിൽ മോഷണം വഴിയോ അല്ലാതെയോ നഷ്ടപ്പെട്ട 22,136 ഫോണുകളുടെ ഐഎംഇഐ നമ്പറാണ് റദ്ദാക്കിയത്. 12,875 ഫോണുകൾ നിയമപാലന ഏജൻസികൾ ട്രാക് ചെയ്തെങ്കിലും തിരിച്ചുപിടിക്കാനായത് 2,381 ഫോണുകൾ മാത്രമാണ്.
ഫോൺ നഷ്ടമായാൽ എന്തു ചെയ്യണം?
ഫോൺ നഷ്ടപ്പെട്ടാൽ ടെലികോം സേവനദാതാവിനെ സമീപിച്ചു സിം ബ്ലോക്ക് ചെയ്യുക. പകരം ഡ്യൂപ്ലിക്കറ്റ് സിം എടുക്കുക. പൊലീസിലും പരാതിപ്പെടണം. ഐഎംഇഐ നമ്പറുകൾ (ഡ്യുവൽ സിം ഫോണുകൾക്ക് 2 നമ്പറുണ്ട്) കൂടി ബ്ലോക്ക് ചെയ്താൽ, മറ്റു സിം കാർഡ് ഉപയോഗിച്ചാലും മോഷ്ടാവിനു ഫോൺ ഉപയോഗിക്കാനാവില്ല. ഇതിനായി ഫോണിന്റെ ഐഎംഇഐ നമ്പറുകൾ (ബില്ലിലും ഫോൺ വാങ്ങിയ ബോക്സിലുമുണ്ടാകും) കയ്യിലുണ്ടാകണം. sancharsaathi.gov.in എന്ന വെബ്സൈറ്റിൽ ‘ബ്ലോക് യുവർ ലോസ്റ്റ്/സ്റ്റോളൻ മൊബൈൽ’ എന്ന ടാബ് തുറക്കുക. നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പറാണു നൽകേണ്ടത്.
ഒടിപി ഡ്യൂപ്ലിക്കറ്റ് സിം കാർഡിലേക്കു വരും. ഐഎംഇഐ നമ്പർ, മോഡൽ, പരാതിയുടെ പകർപ്പ്, ഐഡി പ്രൂഫ് അടക്കം നൽകി റജിസ്റ്റർ ചെയ്യുക. 24 മണിക്കൂറിനകം ഫോൺ ബ്ലോക് ചെയ്യും. ഫോൺ തിരികെ ലഭിച്ചാൽ Unblock found mobile ഓപ്ഷൻ ഉപയോഗിച്ച് അൺലോക് ചെയ്യാനുമാകും.