ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ ഉയർന്ന വോട്ടിങ് ശതമാനം നിയമസഭാ തിരഞ്ഞെടുപ്പിനു വഴിയൊരുക്കുന്നു. ഇപ്പോൾ കേന്ദ്രഭരണ പ്രദേശമായ കശ്മീരിനു വൈകാതെ സംസ്ഥാന പദവി തിരികെ നൽകുമെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ സുപ്രീം കോടതി നേരത്തേ നിർദേശിച്ച സെപ്റ്റംബർ 30നുള്ളിൽ കശ്മീരിൽ തിരഞ്ഞെടുപ്പുണ്ടായേക്കും. സുരക്ഷാ സാഹചര്യങ്ങൾ ഒത്തുവന്നാൽ സെപ്റ്റംബറിൽ തിരഞ്ഞെടുപ്പു നടക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങളും പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ നടത്തിയ പ്രസംഗങ്ങളിലും സെപ്റ്റംബറിൽ സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുപ്പുണ്ടാകുമെന്നു സൂചിപ്പിച്ചിരുന്നു. സംസ്ഥാന പദവി തിരിച്ചുനൽകാനുള്ള നടപടികളും എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പിന്നാക്ക സമുദായങ്ങളുടെ സർവേ പൂർത്തിയായാലേ സംവരണ മണ്ഡലങ്ങൾ സംബന്ധിച്ചു തീരുമാനമെടുക്കാനാവൂ എന്നതിനാലാണ് സെപ്റ്റംബർ വരെ നീളുന്നത് എന്നറിയുന്നു. 

മണ്ഡല വിഭജനം നേരത്തേ തന്നെ പൂർത്തിയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സെപ്റ്റംബർ 30നുള്ളിൽ തിരഞ്ഞെടുപ്പു നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ  35 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പോളിങ്ങാണ് കശ്മീരിൽ രേഖപ്പെടുത്തിയത്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണത്തിലും 25 ശതമാനത്തോളം വർധനയുണ്ടായി. 5 ലോക്സഭാ മണ്ഡലങ്ങളിലുമായി ആകെ 58.46% പോളിങ്ങാണ് ഉണ്ടായത്. താഴ്‌വരയിലെ ശ്രീനഗർ, ബാരാമുള്ള, അനന്ത്നാഗ്–രജൗരി എന്നിവിടങ്ങളിൽ ഇത്തവണ യഥാക്രമം 38.49%, 59.1%, 54.84% എന്നിങ്ങനെയായിരുന്നു പോളിങ്. മൂന്നു ദശകത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങാണിതെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. ജമ്മു മേഖലയിലെ ഉധംപുരിൽ 68.27%, ജമ്മുവിൽ 72.22% എന്നിങ്ങനെയായിരുന്നു പോളിങ്.

സമാധാനം പുനഃസ്ഥാപിക്കപ്പെട്ടാൽ പൂർണ സംസ്ഥാന പദവി തിരിച്ചു നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. മണ്ഡല വിഭജനത്തിനു ശേഷം ജമ്മു കശ്മീർ നിയമസഭയിൽ 114 സീറ്റുകളാണുള്ളത്. ഇതിൽ 24 എണ്ണം പാക്ക് അധിനിവേശ കശ്മീരിലാണുള്ളത്. അതും ഇന്ത്യയുടെ ഭാഗമെന്ന നിലയ്ക്കാണു സീറ്റ് വിഭജനം നടത്തിയിരിക്കുന്നത്.

English Summary:

Statehood for Kashmir soon; Assembly elections by September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com