ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യം റജിസ്ട്രി തള്ളി; കേജ്‌രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടി വരും
Mail This Article
ന്യൂഡൽഹി ∙ അവസാനഘട്ട വോട്ടെടുപ്പു പൂർത്തിയാകുന്നതിന്റെ പിറ്റേന്നു തന്നെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു തിരികെ ജയിലിലേക്ക് മടങ്ങേണ്ടി വരും. മദ്യനയ കേസിൽ നിലവിൽ ഇടക്കാല ജാമ്യത്തിൽ തുടരുന്ന കേജ്‍രിവാൾ ഇളവ് ഒരാഴ്ചത്തേക്കു കൂടി നീട്ടാൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആവശ്യം പരിഗണിക്കാൻ റജിസ്ട്രി വിസമ്മതിച്ചു. ഹർജിക്ക് സാധുതയില്ലെന്നാണ് റജിസ്ട്രി വിലയിരുത്തിയത്.
ആരോഗ്യപരിശോധനയ്ക്ക് ഒരാഴ്ചത്തേക്ക് കൂടി സമയം നീട്ടി നൽകാനാണ് കേജ്‍രിവാൾ അപേക്ഷ നൽകിയത്. എന്നാൽ, ഇതു ലിസ്റ്റ് ചെയ്യാനാകില്ലെന്നും ഹർജിക്കു സാധുതയില്ലെന്നും റജിസ്ട്രി അറിയിച്ചു. വിചാരണ കോടതിയിൽ സ്ഥിരം ജാമ്യത്തിന് അപേക്ഷ നൽകാനും നിർദേശിച്ചു. ഫലത്തിൽ, ജൂൺ 2നു തന്നെ ജയിലിലേക്ക് മടങ്ങണം.
കേസിൽ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതു ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് സുപ്രീം കോടതിയിലെ പ്രധാന ഹർജി. അതിൽ വാദം പൂർത്തിയാക്കിയതും വിധി പറയാനായി മാറ്റിയതും റജിസ്ട്രി ചൂണ്ടിക്കാട്ടി. ഇടക്കാല ജാമ്യം നൽകി കൊണ്ടുള്ള ഉത്തരവിൽ സ്ഥിരംജാമ്യത്തിനു ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. അതു നൽകാതെ സമയം നീട്ടി നൽകാനാണ് കേജ്‌രിവാൾ ശ്രമിച്ചതെന്നും റജിസ്ട്രി വ്യക്തമാക്കി.
ഹൃദ്രോഗവും അർബുദവും പോലുള്ള ഗുരുതര രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന പെറ്റ്/സിടി സ്‌കാൻ ഡോക്ടർമാർ നിർദേശിച്ചതായും അതിന് സാവകാശം അനുവദിക്കണമെന്നും വ്യക്തമാക്കിയാണ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. മാർച്ച് 21ന് അറസ്റ്റിലായ കേജ്‌രിവാളിന്, ജുഡീഷ്യൽ കസ്റ്റഡിയിലും ജയിലിലുമായി 50 ദിവസം കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ 10ന് കോടതി ഇടക്കാല ജാമ്യം നൽകിയത്.
സുനിതക്കെതിരെ നടപടി തേടി ഹർജി
ന്യൂഡൽഹി ∙ അനുമതിയില്ലാതെ കോടതി നടപടികളുടെ വിഡിയോദൃശ്യം റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ നൽകിയതിനു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിതക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഡൽഹി മദ്യനയ കേസിൽ കേജ്‌രിവാളിനെതിരെ റൗസ് അവന്യു കോടതിയിൽ നടന്ന വിചാരണ നടപടികൾ സുനിത അടക്കമുള്ളവർ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ നൽകിയെന്നും അതു വിചാരണ കോടതി ജഡ്ജിയുടെ ജീവനു വെല്ലുവിളി സൃഷ്ടിച്ചുവെന്നുമാണ് ഹർജിയിലുള്ളത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ നിർദേശിക്കണമെന്നും വൈഭവ് സിങ് എന്ന അഭിഭാഷകൻ നൽകിയ ഹർജിയിലുണ്ട്.