ഉരുൾപൊട്ടൽ, ഭൂകമ്പം: മുൻകൂട്ടി സൂചന നൽകാൻ ആപ്പ്
Mail This Article
പത്തനംതിട്ട ∙ തീവ്രമഴയിൽ ഉണ്ടാകാവുന്ന ഉരുൾപൊട്ടൽ പ്രവചിക്കുന്ന മുന്നറിയിപ്പു സംവിധാനം റൂർക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രൂപപ്പെടുത്തി. ഹിമാലയ പർവത നിരകൾക്കു വേണ്ടിയാണ് ഈ മാതൃക വികസിപ്പിച്ചതെങ്കിലും കേരളത്തിനും മണ്ണിടിച്ചിൽ സാധ്യതയുള്ള സംസ്ഥാനങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താനാവുമെന്ന് റൂർക്കി ഐഐടി മേധാവി ഡോ. കെ.കെ.പന്ത് വിശദീകരിച്ചു.
ഐഎസ്ആർഒ, റിമോട്ട് സെൻസിങ് കേന്ദ്രം തുടങ്ങിയവയുടെ സഹായത്തോടെയാണ് മാതൃക വികസിപ്പിച്ചത്. മഴയുടെ തോത്, വെള്ളത്തിന്റെ ഒഴുക്ക്, മൺ–പാറ ഘടന, പ്രദേശത്തെ മഴയുടെ ദീർഘകാല കണക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ റിമോട്ട് സെൻസിങ് സാങ്കേതിക വിദ്യയിലൂടെ തത്സമയ മഴവിവരങ്ങൾക്കൂടി ചേർത്താവും മുന്നറിയിപ്പു തയാറാക്കുക. മഴ പെയ്യുമ്പോൾ ഭൂഘടനയിലുണ്ടാകുന്ന ചലനവും മണ്ണൊലിപ്പും മറ്റും കണക്കാക്കി ഏതുപ്രദേശത്ത് എപ്പോഴാണു മണ്ണിടിയാൻ സാധ്യതയെന്നു മുൻകൂട്ടി പറയാൻ കഴിയുമെന്നു പഠനത്തിനു നേതൃത്വം നൽകിയ ഡോ. എസ്.ശ്രീകൃഷ്ണൻ പറഞ്ഞു.
ഭൂചലനത്തെപ്പറ്റി മുന്നറിയിപ്പു നൽകുന്ന ആപ്പിന്റെ പേര് ‘ഭുവ് ദേവ്’ എന്നാണ്. ഭൂകമ്പ സാധ്യത ഏറെയുള്ള ഉത്തരാഖണ്ഡ് സംസ്ഥാന നിവാസികൾക്കാണ് ഇതിന്റെ പ്രയോജനം തുടക്കത്തിൽ ലഭിക്കുക. ഭൂകമ്പസാധ്യത കുറഞ്ഞ ലക്ഷദ്വീപ് കടലിന്റെ അടിത്തട്ടിൽ പോലും ഭൂചലനം ഉണ്ടായത് കഴിഞ്ഞ ദിവസമായിരുന്നു. ഹിമാലയ സാനുക്കളിലും ഭൂകമ്പ സാധ്യത വർധിച്ചു വരുന്നതായാണ് ഗവേഷകർ നൽകുന്ന സൂചന.