മോദി ധ്യാനത്തിൽ; സുരക്ഷയിൽ കന്യാകുമാരി
Mail This Article
മഴയും മഴക്കാറും മാറി; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കൊണ്ടു തെളിഞ്ഞ ആകാശത്തുനിന്നിറങ്ങിയ വ്യോമസേനാ ഹെലികോപ്റ്റർ ത്രിവേണി സംഗമതീരം തൊട്ടു. നാളെ രാജ്യം അവസാനവട്ട വിധിയെഴുത്തിനായി ഒരുങ്ങവേ, കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 45 മണിക്കൂർ ധ്യാനം തുടങ്ങി. സ്വാമി വിവേകാനന്ദനായി മാറിയ നരേന്ദ്രൻ 1892 ൽ ധ്യാനിച്ച അതേയിടത്ത് 132 വർഷത്തിനു ശേഷം നരേന്ദ്ര മോദിയുടെ ധ്യാനം.
കരയിലും കടലിലും ഒരുക്കിയ കർശന സുരക്ഷാ വലയത്തിലേക്ക് വൈകിട്ട് 5.10നു വന്നിറങ്ങിയ പ്രധാനമന്ത്രി ഗെസ്റ്റ് ഹൗസിൽ വസ്ത്രം മാറി വെള്ള മുണ്ടും മേൽമുണ്ടുമണിഞ്ഞാണു പുറത്തേക്കു വന്നത്. തീരത്തെ ഭഗവതി അമ്മൻ ക്ഷേത്ര സന്ദർശനത്തിനെത്തിയ അദ്ദേഹത്തെ നിതിൻ ശങ്കർ പോറ്റിയും ശ്രീനിവാസൻ പോറ്റിയും പൂർണകുംഭം നൽകി സ്വീകരിച്ചു. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രം പ്രധാനമന്ത്രിക്കു സമ്മാനിച്ചു.
6 മണിക്ക് വിവേകാനന്ദ എന്ന ബോട്ടിൽ അദ്ദേഹം വിവേകാനന്ദ സ്മാരകത്തിലേക്കു തിരിച്ചു. നാവിക സേനയുടെ സുരക്ഷാ ബോട്ടുകൾ സ്മാരകത്തെ ചുറ്റിക്കറങ്ങി. കോസ്റ്റ് ഗാർഡിന്റെ 2 കപ്പലുകളും ആഴക്കടലിൽ നങ്കൂരമിട്ടുനിന്നു.
ബോട്ടിൽ നിന്നിറങ്ങി സ്മാരകത്തിന്റെ പടവുകൾ കയറി ധ്യാനമണ്ഡപത്തെ വലംവച്ച ശേഷം അൽപനേരം പ്രാർഥനയിൽ മുഴുകിയ പ്രധാനമന്ത്രി 7ന് താൽക്കാലിക പാലത്തിലൂടെ നടന്ന് സമീപത്തെ തിരുവള്ളുവർ പ്രതിമയ്ക്കു മുന്നിലെത്തി പുഷ്പാർച്ചന നടത്തി. വിവേകാനന്ദ സ്മാരകത്തിലേക്കു തിരികെയെത്തി ഏഴരയോടെ ധ്യാനം തുടങ്ങി. നാളെ ഉച്ചയ്ക്കു ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി ഡൽഹിക്കു മടങ്ങും.