കർണാടക സർക്കാരിനെ ഇറക്കാൻ കണ്ണൂരിൽ മൃഗബലി?
Mail This Article
കണ്ണൂർ /ബെംഗളൂരു ∙ കർണാടക സർക്കാരിനെ താഴെയിറക്കാൻ തളിപ്പറമ്പിൽ മൃഗബലിയോടുകൂടി ശത്രുഭൈരവീയാഗം നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ ആരോപണം ശരിയല്ലെന്ന് ക്ഷേത്രഭാരവാഹികളും ദേവസ്വം ബോർഡും അറിയിച്ചു. ശിവകുമാർ ആരോപിച്ചതു പോലെ മൃഗബലി നടന്നിട്ടില്ലെന്നു സംസ്ഥാന പൊലീസ് സ്പെഷൽ ബ്രാഞ്ച് ഡിജിപിക്കു റിപ്പോർട്ട് നൽകുകയും ചെയ്തു.
തളിപ്പറമ്പിലോ പരിസരത്തോ ക്ഷേത്രങ്ങളിൽ മൃഗബലിയില്ലെന്നു ഭക്തരും പറയുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും പഴയങ്ങാടി മാടായിക്കാവുമാണ് കർണാടകയിൽനിന്നു ഭക്തരെത്തുന്ന ക്ഷേത്രങ്ങൾ. രണ്ടു സ്ഥലങ്ങളിലും അങ്ങനെയൊന്നു നടന്നിട്ടില്ലെന്ന് ക്ഷേത്രം അധികാരികൾ അറിയിച്ചു. മലബാർ ദേവസ്വം ബോർഡിനു കീഴിലെ ഒരു ക്ഷേത്രത്തിലും മൃഗബലി നടത്തിയുള്ള പൂജകളില്ലെന്ന് എക്സിക്യൂട്ടീവ് ഓഫിസർ പറഞ്ഞു.
ഇതേസമയം, രാഷ്ട്രീയ എതിരാളികൾ മൃഗബലി നടത്തിയത് കേരളത്തിലെ ക്ഷേത്രത്തിൽ ആണെന്നു പറഞ്ഞിട്ടില്ലെന്നും രാജരാജേശ്വരി എന്ന ക്ഷേത്രത്തിൽനിന്ന് 15 കിലോമീറ്റർ അകലെ സ്വകാര്യ സ്ഥലത്ത് ‘ശത്രുഭൈരവീയാഗം’ നടത്തിയെന്നാണു പറഞ്ഞതെന്നും ശിവകുമാർ വിശദീകരിച്ചു. കേരളത്തിൽ നടക്കാനിടയില്ലാത്ത കാര്യമാണെങ്കിലും വിശദമായ അന്വേഷണം നടത്തുമെന്നു ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ: ശിവകുമാറിന്റെ ആരോപണം ഭ്രാന്താണ്. രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലിയോ ശത്രുസംഹാര പൂജയോ ഇല്ല. അല്ലെങ്കിൽ കെ.സുധാകരൻ പറയട്ടെ. ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്കു പിന്നിൽ വർഗീയതയാണ്.
∙ യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്: അടിസ്ഥാനരഹിതമായ ആരോപണം. ഇങ്ങനെയുള്ള ബലികർമങ്ങൾ തന്ത്രശാസ്ത്രത്തിലോ മന്ത്രശാസ്ത്രത്തിലോ പറഞ്ഞിട്ടുള്ളതല്ല. നിയമം മൂലം നിരോധിക്കപ്പെട്ട ഇത്തരം സംഭവങ്ങൾ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ ദുരുപയോഗം ചെയ്യുന്നതാണ്.