വീണ്ടും ചന്ദ്രകാലം; ആന്ധ്ര തിരിച്ചുപിടിച്ച് ദേശീയരാഷ്ട്രീയത്തിലേക്ക്
Mail This Article
∙അധികാരത്തിൽ തിരിച്ചെത്തിയിട്ടേ ഇനി നിയമസഭയിൽ കാലുകുത്തൂ എന്ന് ഉഗ്രശപഥത്തോടെ 3 വർഷം മുൻപ് ആന്ധ്ര നിയമസഭ വിട്ട ചന്ദ്രബാബു നായിഡു തിരിച്ചെത്തുന്നത് ഉഗ്രപ്രതാപിയായാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ദയനീയതോൽവിക്കും ജയിൽവാസത്തിനും ശേഷം ബിജെപിയെ ഒപ്പം നിർത്തിയാണു നായിഡു ആന്ധ്ര രാഷ്ട്രീയത്തിൽ തിരിച്ചുവന്നത്. നിയമസഭയിൽ തനിച്ചു ഭൂരിപക്ഷം നേടിയതോടെ സമ്മർദതന്ത്രങ്ങളെ നായുഡിനെ പേടിക്കേണ്ടതില്ല.
ലോക്സഭയിലേക്കു 16 സീറ്റ് കൂടി നേടിയതോടെ കേവലഭൂരിപക്ഷം ലഭിക്കാത്ത ബിജെപിക്ക് നായിഡു പ്രിയപ്പെട്ടവനാകും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമായിരുന്നു നായിഡു. അന്ന് തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ‘ബൈ ബൈ ബാബു’ എന്നു പരിഹാസ ബോർഡ് ഉയർത്തിയ ജഗന്റെ അനുയായികൾക്ക് നായിഡുവിന്റെ തിരിച്ചുവരവ് ദുഃസ്വപ്നമാകും. ഇത്തവണ കോൺഗ്രസിനെ വിട്ടു ബിജെപി കൂടെക്കൂട്ടിയ നായിഡുവിന്റെ തന്ത്രം പാളിയില്ല.
1996–98 ൽ കേന്ദ്രത്തിലെ കൂട്ടുകക്ഷി സർക്കാരിന്റെ മുഖ്യ സൂത്രധാരൻ നായിഡുവായിരുന്നു. വീണ്ടും അതേ റോൾ അദ്ദേഹം ഏറ്റെടുക്കും. ബിജെപിയുടെ പരിധിവിട്ടുള്ള കളികൾക്കും നായിഡു നിന്നുകൊടുക്കാനിടയില്ല. എതിർച്ചേരിയിലായിരുന്ന കാലത്ത് മോദിയെ ‘എല്ലാം വിഴുങ്ങുന്ന അനാക്കോണ്ട’ എന്നാണു നായിഡു വിശേഷിപ്പിച്ചത്.