അസാധ്യതകളിൽ വിശ്വസിക്കാത്ത അഖിലേഷ്; ഫലം ഉത്തർപ്രദേശിൽ ‘അഖില’ഭാരത ജയം
Mail This Article
അവിശ്വസനീയമാം വിധം മാറിയെന്ന് ഇന്ത്യയാകെ വിശ്വസിച്ച മണ്ണാണ് യുപിയിലേത്. രാമക്ഷേത്രം ഉൾപ്പെടെ ബിജെപി പ്രചാരണവിഷയമാക്കിയപ്പോൾ എതിരാളികൾക്ക് ആരും സാധ്യത കൽപിച്ചില്ല. 2017 ൽ കോൺഗ്രസുമായും 2019 ൽ ബിഎസ്പിയുമായും ചേർന്നു നടത്തിയ പരീക്ഷണങ്ങൾ പരാജയമായിട്ടും അഖിലേഷ് യാദവ് പ്രയോഗികരാഷ്ട്രീയത്തിൽ വിശ്വസിച്ചു. കോൺഗ്രസിന്റെ കൈപിടിച്ചും ഒപ്പം നിർത്തിയും നന്നായി അധ്വാനിച്ചു. ഉറച്ച മണ്ണെന്നു ബിജെപി തന്നെ വിശ്വസിച്ച ഇടങ്ങളിൽ ഈ പരിസ്‌ഥിതി എൻജിനീയറിങ് ബിരുദധാരി ജയം കൊയ്തു.
രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും നിരന്തരം വേദികൾ പങ്കിട്ടു. സഖ്യകക്ഷിയിലെ സ്ഥാനാർഥികൾക്കായും പ്രചാരണം നയിച്ചു. അടിത്തട്ടിൽ അണികളെ ആവേശത്തിലാക്കാനും മുന്നണി സ്ഥാനാർഥികൾക്കു വോട്ടുറപ്പിക്കാനും വേണ്ടതെല്ലാം ചെയ്തു.
38–ാം വയസ്സിൽ യുപിയുടെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയ അഖിലേഷിന് ആ പ്രഭാവത്തിലേക്കു മടങ്ങിയെത്താൻ ഇനിയും അവസരമുണ്ടെന്നു കൂടിയാണ് ഈ തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. തുല്യശക്തിയായി നിന്ന ബിഎസ്പിക്കുണ്ടായ തകർച്ചയുടെ ആനുകൂല്യം കൂടി വരുംദിവസങ്ങളിൽ എസ്പിക്കു നേടാൻ കഴിഞ്ഞേക്കും.