ADVERTISEMENT

മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 10 വർഷത്തിനു ശേഷം ഗുജറാത്തിൽ കോൺഗ്രസ് അക്കൗണ്ട് തുറന്ന ഗെനി ബെൻ ഠാക്കോറിന്റെ (48) വിജയത്തിൽ കഠിനാധ്വാനത്തിന്റെ വിയർപ്പും കണ്ണീരിന്റെ ഉപ്പും സമാസമം. മോദിയുടെയും അമിത് ഷായുടെയും അപ്രമാദിത്വത്തിൽ കഴിഞ്ഞ 2 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് ഒരു സീറ്റിൽ പോലും ജയിക്കാത്ത പാർട്ടിക്കു വേണ്ടിയാണ് ഗെനി ബെൻ ഇത്തവണ ഒറ്റയാൾ പോരാട്ടം നടത്തിയത്. സംസ്ഥാനത്തെ 26 ൽ 25 സീറ്റുകളും ബിജെപി തൂത്തുവാരിയപ്പോൾ ഗെനിബെൻ കോൺഗ്രസിന്റെ ഒരേയൊരു കനലായി.  

ബനാസ്കന്തയിൽ ബിജെപി സ്ഥാനാർഥിയും എൻജിനീയറിങ് കോളജ് പ്രഫസറുമായ രേഖാ ചൗധരിയെ മുപ്പതിനായിരത്തിലധികം വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. പ്രചാരണത്തിനു പണമില്ലാതെ വിഷമിച്ചപ്പോൾ ചെറുതും വലുതുമായ തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ സംഘടിപ്പിച്ചായിരുന്നു പോരാട്ടം. 

‘ആളുകൾ എനിക്ക് വോട്ടും, നോട്ടും തന്നു. വോട്ടർമാരോട് വലിയ കടപ്പാടുണ്ട്. മരണം വരെ ജനങ്ങൾക്കൊപ്പമുണ്ടാകും’– ഗെനിബെൻ പറഞ്ഞു. താഴെത്തട്ടു മുതലുള്ള ബന്ധങ്ങളും ഠാകോർ സമുദായത്തിന്റെ പിന്തുണയുമാണ് വിജയഘടകം. വാവ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരിക്കെയാണ് ലോക്സഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങിയത്.

2017, 2022 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപി തരംഗത്തെ അതിജീവിച്ച് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ഗെനി ബെന്നിനെ തികഞ്ഞ പോരാളിയെന്നാണ് ജനങ്ങൾ വിശേഷിപ്പിക്കുന്നത്. മോദി, രാമക്ഷേത്രം, ദേശീയത തുടങ്ങിയവയിൽ ഉൗന്നി ബിജെപി സ്ഥാനാർഥിപ്രചാരണം നടത്തിയപ്പോൾ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, സാമൂഹിക അസമത്വം എന്നിവയാണ് ഗെനി ബെൻ ആയുധമാക്കിയത്. 

വിബിഎ വോട്ടുകൾ നിർണായകമായത് 7 സീറ്റിൽ

മുംബൈ ∙ ഒരു സീറ്റിൽ പോലും വിജയിച്ചില്ലെങ്കിലും മഹാരാഷ്ട്രയിൽ 7 ലോക്സഭാ സീറ്റുകളിലെ ജയപരാജയങ്ങൾ നിശ്ചയിച്ചത് പ്രകാശ് അംേബദ്കറുടെ പാർട്ടിയായ വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ). ഭരണഘടനാ ശിൽപി ഡോ. അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ് വിദർഭയിലെ അകോളയിൽ തോറ്റിട്ടും പാർട്ടി കറുത്ത കുതിരയായി. വിബിഎ പിടിച്ച വോട്ടുകൾ എൻഡിയുടെ 4 സ്ഥാനാർഥികളുടെയും ഇന്ത്യാമുന്നണിയുടെ 3 സ്ഥാനാർഥികളുടെയും പരാജയത്തിനു കാരണമായി.

ഇന്ത്യാമുന്നണിയുമായുളള സഖ്യചർച്ചകൾ പരാജയപ്പെട്ടതോടെയാണ് വിബിഎ ഒറ്റയ്ക്കു മത്സരിച്ചത്. ഒപ്പം ചേർന്നിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ മുന്നണിയുടെ വിജയം 30 ൽ നിന്ന് 33 സീറ്റുകളായി ഉയരുമായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ കോൺഗ്രസ്–എൻസിപി സഖ്യം പരാജയപ്പെടാൻ കാരണം പ്രകാശ് അംബേദ്കറും ഉവൈസിയും ചേർന്നുള്ള സഖ്യമായിരുന്നു.

English Summary:

Geniben Thakor: Congress MP from Gujarat in Loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com