അഖിലേഷും ഡിംപിളും സഭയിലെ ദമ്പതിമാർ; പിതൃസഹോദരന്റെ ഭാര്യയെ തോൽപ്പിച്ച് സുപ്രിയ സുളെ
Mail This Article
ന്യൂഡൽഹി ∙ പുതിയ ലോക്സഭയിലെ ഏക ദമ്പതിമാർ യുപിയിലെ കനൗജിൽ നിന്നു ജയിച്ച സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും മെയിൻപുരിയിൽ നിന്നു ജയിച്ച ഭാര്യ ഡിംപിൾ യാദവുമാണ്. ഇരുവരും അടക്കം അഖിലേഷ് യാദവിന്റെ കുടുംബത്തിൽ നിന്ന് 5 പേർ 18–ാം ലോക്സഭയിൽ ഉണ്ടാകും.
അതേസമയം, ബിഹാറിലെ പൂർണിയയിൽ നിന്നു സ്വതന്ത്രനായി പപ്പു യാദവ് ജയിച്ചതോടെ പാർലമെന്റിൽ മറ്റൊരു ദമ്പതിമാർ കൂടിയായി. പപ്പുവിന്റെ ഭാര്യ രഞ്ജിത് രഞ്ജൻ രാജ്യസഭയിൽ കോൺഗ്രസിന്റെ പ്രതിനിധിയാണ്.
കുടുംബപോരാട്ടത്തിൽ ഏറ്റവും കൗതുകകരമായത് ബംഗാളിലെ ബിഷ്ണുപുരിലായിരുന്നു. തൃണമൂൽ കോൺഗ്രസിനായി ഇറങ്ങിയ മുൻഭാര്യ സുജാത മണ്ഡലിനെതിരെ ബിജെപിയുടെ സിറ്റിങ് എംപി സൗമിത്ര ഖാൻ വിജയം നേടി. ഭൂരിപക്ഷം 5567 ആയി കുറച്ചതിൽ സുജാതയ്ക്ക് അഭിമാനിക്കാം. മഹാരാഷ്ട്രയിലെ കുടുംബകോട്ടയായ ബാരാമതിയിൽ ജയിച്ച ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയക്ക് പിതൃസഹോദരന്റെ ഭാര്യയായ സുനേത്രയെ തോൽപിക്കാൻ കഴിഞ്ഞു.
കർണാടകയിലെ മാണ്ഡിയിൽ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ജയിച്ചപ്പോൾ സഹോദരപുത്രനായ പ്രജ്വൽ രേവണ്ണ സിറ്റിങ് സീറ്റായ ഹാസനിൽ തോറ്റു. കർണാടകയിലെ ഗുൽബർഗയിൽ നിന്നു മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി ലോക്സഭയിലേക്ക് ജയിച്ചതോടെ, രാജ്യസഭാംഗമായ മല്ലികാർജുൻ ഖർഗെയ്ക്ക് പാർലമെന്റിൽ വീട്ടിൽ നിന്നൊരു കൂട്ടായി! ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽ ചൗട്ടാല കുടുംബത്തിൽ നിന്നു തന്നെയുള്ളവരുടെ കൂട്ടപ്പൊരിച്ചിലിൽ നടന്നപ്പോൾ അതിലൊന്നും പെടാത്ത കോൺഗ്രസ് അംഗം ജയ്പ്രകാശിനായിരുന്നു ജയം.
-
Also Read
ഗെനി ബെൻ: ഗുജറാത്തിലെ കോൺഗ്രസ് കനൽ
ആന്ധ്ര നിയമസഭയിലേക്ക് അച്ഛൻ ചന്ദ്രബാബു നായിഡുവും മകൻ ലോകേഷും ജയിച്ചു. ജഗൻമോഹൻ റെഡ്ഡി നിയമസഭയിലേക്ക് ജയിച്ചപ്പോൾ കടപ്പ ലോക്സഭ സീറ്റിൽ കോൺഗ്രസിനായി മത്സരിച്ച സഹോദരി വൈ.എസ്. ശർമിള മൂന്നാംസ്ഥാനത്തായി. ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ രാജ്നന്ദ്‌ഗാവിൽ തോറ്റപ്പോൾ, തൊട്ടടുത്ത മണ്ഡലത്തിൽ ബന്ധു വിജയ് ബാഗേൽ ജയിച്ചു.