‘ജയ് ശ്രീറാം’ വിളികൾ മുഴങ്ങിയില്ല; ജയ് വിളി ജഗന്നാഥന്; നേട്ടങ്ങളുടെ പട്ടികയിൽ രാമക്ഷേത്ര നിർമാണമില്ല
Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ 5 വർഷമായി ലോക്സഭയിലും ബിജെപി പരിപാടികളിലും മുഴങ്ങിയിരുന്ന ‘ജയ് ശ്രീറാം’ വിളികൾ ഇന്നലെ എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലുണ്ടായില്ല. പകരം ‘ജയ് ജഗന്നാഥ്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി എംപിമാരും വിളിച്ചത്. മോദിയുടെ ഒന്നേകാൽ മണിക്കൂർ പ്രസംഗത്തിലും നേട്ടങ്ങളുടെ പട്ടികയിൽ രാമക്ഷേത്ര നിർമാണം പരാമർശിച്ചില്ലെന്നതും ശ്രദ്ധേയമായി.
17–ാം ലോക്സഭയിൽ സ്പീക്കർ സഭയിലേക്കു വരുമ്പോൾ ‘ജയ്ശ്രീറാം’ വിളികളോടെയായിരുന്നു ബിജെപി അംഗങ്ങൾ സ്വാഗതം ചെയ്തിരുന്നത്. തുടക്കത്തിൽ പ്രതിപക്ഷം അതിനെതിരെ ശബ്ദമുയർത്തിയിരുന്നെങ്കിലും ഇത് സ്ഥിരമായതോടെ അവർ നിശബ്ദരായി. സഭയിൽ മോദിയുടെ പ്രസംഗങ്ങൾക്കിടയിലും ഇതു വിളിക്കുമായിരുന്നു.
ഇത്തവണ ബിജെപി ഫൈസാബാദിലടക്കം തോൽക്കുകയും ഒഡീഷയിൽ വൻ ജയം നേടുകയും ചെയ്തിരുന്നു. ഫലം വന്ന ശേഷം ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസംഗം തുടങ്ങിയത് ‘ജയ് ജഗന്നാഥ്’ എന്നു വിളിച്ചുകൊണ്ടായിരുന്നു. ഇന്നലെ പാർലമെന്ററി പാർട്ടി യോഗത്തിൽ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും വിജയം മോദി പരാമർശിച്ചിരുന്നു.