കേജ്‌രിവാളിന്റെ വൈദ്യപരിശോധന: എതിർക്കാൻ ഇ.ഡിക്ക് കഴിയില്ലെന്ന് കോടതി
Mail This Article
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട ഹർജിയെ എതിർക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അവകാശമില്ലെന്നു റൗസ് അവന്യൂ കോടതി വ്യക്തമാക്കി. കേജ്‌രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇ.ഡിയുടെ കസ്റ്റഡിയിൽ അല്ല. അദ്ദേഹത്തിന് എന്തെങ്കിലും ഇളവ് ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഇതിൽ ഭാഗമാകാനാകില്ല’– ജഡ്ജി മുകേഷ് കുമാർ പറഞ്ഞു.
തന്റെ വൈദ്യ പരിശോധന നടത്തുമ്പോൾ ഭാര്യ സുനിതയെ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഭാഗമാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണു കേജ്‌രിവാൾ കോടതിയെ സമീപിച്ചത്. വിഷയത്തിൽ മറുപടി നൽകാൻ തിഹാർ ജയിൽ സൂപ്രണ്ടിനോടു കോടതി നിർദേശം നൽകി. കേജ്‌രിവാളിന് ഇൻസുലിൻ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ നേരത്തെ എയിംസ് ഡോക്ടർമാരുടെ സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ പരിശോധനാ ഘട്ടത്തിൽ ഭാര്യയെ ഭാഗമാക്കണമെന്നാണു കേജ്‌രിവാളിന്റെ ആവശ്യം. അതേസമയം, കേജ്‌രിവാളിന്റെ ജാമ്യാപേക്ഷ 19നു പരിഗണിക്കും.