ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതിക്കെതിരെ കടുത്ത വിമർശനമാണ് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു ഹൈക്കോടതിയിൽ നടത്തിയത്. എന്നാൽ, പ്രതികൂലമായ വിധിയുടെ പേരിൽ ജഡ്ജിയെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ കേജ്‌രിവാളിനു വേണ്ടി ഹാജരായ അഭിഷേക് സിങ്‌വിയും ആഞ്ഞടിച്ചു. ‘ഇതിലും വികൃതമായ ഒരുത്തരവ് ഉണ്ടാകില്ല. ഇരുപക്ഷവും ഫയൽ ചെയ്ത രേഖകൾ പരിശോധിക്കാതെ, ഞങ്ങൾക്കു വാദമുയർത്താനുള്ള അവസരം നൽകാതെയാണ് ജാമ്യം അനുവദിച്ചത്’–  അഡീഷനൽ സോളിസിറ്റർ ജനറൽ രാജു പറഞ്ഞു. 

ഇ.ഡിയുടെ വാദമിങ്ങനെ: തലതിരിഞ്ഞ വിധിയാണു വിചാരണക്കോടതിയുടേത്. മദ്യനയക്കേസിൽ കേജ്‌രിവാളിനു നേരിട്ടു ബന്ധമില്ലെന്ന ജാമ്യവിധിയിലെ നിരീക്ഷണം തെറ്റാണ്. കേജ്‌രിവാളിന്റെ അഭിഭാഷകന്റെ എതിർവാദത്തിനു മറുപടി നൽകാനുള്ള അവസരം വിചാരണക്കോടതി നിഷേധിച്ചു. നിയമം അനുസരിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുക എന്നതു കോടതിയുടെ കടമയാണ്. രേഖകളിലേക്കു പോകാതെ ഇതു പ്രസക്തമാണോ അല്ലയോ എന്ന് എങ്ങനെ പറയാനാകും? കേജ്‌രിവാളിനെതിരെ തെളിവില്ലെന്ന വാദങ്ങളും ഇ.ഡി തള്ളി. വ്യവസായിയും കേസിൽ മാപ്പുസാക്ഷിയുമായ മഗുന്ദ റെഡ്ഡിയുടെ മൊഴിയുണ്ടെന്നും അദ്ദേഹത്തിന്റെ മൊഴിയിലൂടെ നേരിട്ടുള്ള തെളിവുകളാണു ഹാജരാക്കിയതയെന്നും ഇ.ഡി വിശദീകരിച്ചു. മദ്യനയത്തിലൂടെ ലഭിച്ച പണം ആം ആദ്മി പാർട്ടി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും 45 കോടി ലഭിച്ചതിന്റെ വഴികൾ ഹാജരാക്കിയിട്ടുണ്ടെന്നും രാജു വാദിച്ചു. 

കേജ്‌രിവാളിനു വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി വാദിച്ചത്: അന്വേഷണ ഏജൻസിക്കു തെളിവുകൾ കണ്ടെത്തേണ്ടതിനു വേണ്ടി മാത്രം ഒരാളെ അനിശ്ചിതകാലത്തേക്കു ജയിലിലടയ്ക്കണമെന്ന ഇ.ഡിയുടെ സമീപനം അപലപനീയമാണ്. പ്രതികൂലമായ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പേരിൽ വിചാരണക്കോടതിയെ ജഡ്ജിയെ അപകീർത്തിപ്പെടുന്നതു ദൗർഭാഗ്യകരവുമാണ്. ഡൽഹി ഹൈക്കോടതി മുൻപു പരിഗണിച്ചതു അറസ്റ്റിനെതിരായ ഹർജിയാണ്. ജാമ്യഹർജി ഹൈക്കോടതിയിൽ എത്തിയിട്ടില്ല. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതിയിലെ സ്വർണ കാന്ത ശർമ നടത്തിയ വിധി അന്തിമവാക്കെന്ന നിലയിലാണ് ഇ.ഡി. വാദിക്കുന്നത്. വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അറസ്റ്റ് തെറ്റാണെന്നു സുപ്രീം കോടതി വിധിച്ചാൽ മറ്റെല്ലാ നടപടികളും അപ്രസക്തമാകും. അടുത്ത മാസമെത്തുന്ന സുപ്രീം കോടതി വിധിയാണ് അന്തിമ വാക്ക്, ജസ്റ്റിസ് സ്വർണകാന്ത ശർമയുടേതല്ല.

English Summary:

ED Challenges Kejriwal's Bail Decision, Singhvi Condemns Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com