ADVERTISEMENT

ന്യൂഡൽഹി ∙ സത്യപ്രതിജ്ഞാച്ചടങ്ങിൽ സത്യവാചകത്തിനൊപ്പം എംപിമാർ ഉപയോഗിച്ച വിവാദ മുദ്രാവാക്യങ്ങളും പരാമർശങ്ങളും ലോക്സഭാ രേഖകളിൽനിന്ന് പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബ് നീക്കം ചെയ്തു. യുപി ബറേലിയിലെ ബിജെപി എംപി ഛത്രപാൽ സിങ് ഗാംഗ്‌വർ, ഹൈദരാബാദിലെ എഐഎംഐഎം എംപി അസദുദ്ദീൻ ഉവൈസി അടക്കമുള്ളവരുടെ വിവാദ പരാമർശങ്ങൾ ഇതിൽ ഉൾപ്പെടും. ഭരണഘടനപ്രകാരമുള്ള പ്രതിജ്ഞ മാത്രമേ രേഖകളിലുണ്ടാവൂ. ലോക്സഭാ ടിവിയുടെ യൂട്യൂബ് വിഡിയോകളിലും ഈ ഭാഗങ്ങൾ ഒഴിവാക്കി. 

പലസ്തീനു വേണ്ടി മുദ്രാവാക്യം വിളിക്കുന്നതിൽ എന്താണു തെറ്റെന്നായിരുന്നു സഭയ്ക്കു പുറത്ത് മാധ്യമങ്ങളെ കണ്ട ഉവൈസിയുടെ പ്രതികരണം. പലസ്തീനുമായി ഇന്ത്യയ്ക്കു ശത്രുതയില്ലെങ്കിലും പ്രതിജ്ഞ ചൊല്ലുമ്പോൾ മറ്റൊരു രാജ്യത്തെ പ്രകീർത്തിക്കുന്ന മുദ്രാവാക്യം വിളിക്കുന്നത് ഉചിതമാണോയെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ചോദിച്ചു. 

  • Also Read

‘ജയ് ഹിന്ദുരാഷ്ട്രം’ എന്നു പറയുന്നതിൽ എന്താണ് അപകടമെന്നായിരുന്നു മാധ്യമങ്ങളോട് ഛത്രപാൽ സിങ് ഗാംഗ്‌വറിന്റെ ചോദ്യം. ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതല്ലെങ്കിൽ മറ്റാരുടേതാണെന്നും അദ്ദേഹം സഭയ്ക്കു പുറത്ത് ചോദിച്ചു. സത്യപ്രതിജ്ഞയ്ക്കു മുൻപും ശേഷവുമുള്ള മുദ്രാവാക്യങ്ങളെച്ചൊല്ലി ഭരണ–പ്രതിപക്ഷ ബഹളം നടന്നിരുന്നു. 

ഭരണഘടനയിലെ 99–ാം വകുപ്പനുസരിച്ച് മൂന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രതിജ്ഞ മാത്രമാണ് ചൊല്ലേണ്ടതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി സഭയിൽ ഉന്നയിച്ചു. ഇതു ശരിവച്ച പ്രോടെം സ്പീക്കർ, പ്രതിജ്ഞയല്ലാതെ മറ്റൊന്നും പറയരുതെന്ന് അംഗങ്ങളോട് അഭ്യർഥിച്ചെങ്കിലും പലരും ചെവിക്കൊണ്ടില്ല. ഒടുവിലാണ് ഇവ രേഖകളിൽ നിന്നു നീക്കിയതായി പ്രോടെം സ്പീക്കർ വ്യക്തമാക്കിയത്. 

ചില ഭരണപക്ഷ അംഗങ്ങൾ സത്യപ്രതിജ്ഞയ്ക്കിടെ ബിജെപി, ആർഎസ്എസ് നേതാക്കളെ പുകഴ്ത്തിയപ്പോൾ ചില എസ്പി അംഗങ്ങൾ പാർട്ടി നേതാക്കളെയും സഖ്യത്തെയും പുകഴ്ത്തി. ആരോപണനിഴലിലായ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ReNEET എന്നെഴുതിയ ടീ–ഷർട്ട് ധരിച്ചാണ് സ്വതന്ത്ര എംപിയായ പപ്പു യാദവ് പ്രതിജ്ഞ ചെയ്തത്. 

English Summary:

MP's oath taking ceremony; Controversial remarks expunged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com