ADVERTISEMENT

ന്യൂഡൽഹി ∙ 20 വർഷം നീണ്ട രാഷ്ട്രീയജീവിതത്തിൽ ഇതുവരെ വഹിക്കാത്ത ഉത്തരവാദിത്തത്തിലേക്കാണ് രാഹുൽ ഗാന്ധി ഇന്നലെ കടന്നത്. പ്രതിപക്ഷനേതാവിന്റെ പദവി ഏറ്റെടുത്ത രാഹുൽ ഇന്ത്യാസഖ്യത്തിന്റെ അമരക്കാരനായി കഴിവു തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇനിയുള്ള 5 വർഷം പാർലമെന്ററി രാഷ്ട്രീയത്തിൽ തിളങ്ങുകയും അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുന്ന സ്ഥിതിയിലേക്ക് ഇന്ത്യാസഖ്യം എത്തുകയും ചെയ്താൽ പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള സ്വാഭാവിക പേര് രാഹുലിന്റേതാകും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിസ്ഥാനാർഥിയായി രാഹുലിനെ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് ആഗ്രഹിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെയാകെ പിന്തുണ ലഭിക്കുമോയെന്ന ആശങ്ക മൂലം ഒഴിവാക്കുകയായിരുന്നു. പ്രതിപക്ഷനേതാവെന്ന നിലയിൽ പ്രതിഛായ മെച്ചപ്പെടുത്തി സഖ്യകക്ഷികൾക്കു തള്ളാനാകാത്ത വിധമുള്ള പ്രതാപത്തിലേക്കു രാഹുൽ വളരുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

യുപിഎ സർക്കാരിന്റെ കാലത്തു കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് കോൺഗ്രസിനുള്ളിൽ നിരന്തരം ആവശ്യമുയർന്നെങ്കിലും നിരസിച്ച രാഹുൽ, ഇപ്പോൾ പ്രതിപക്ഷനേതാവെന്ന നിലയിൽ കാബിനറ്റ് റാങ്കിലേക്ക് എത്തിയിരിക്കുകയാണ്. 236 സീറ്റുമായി കരുത്തു വർധിപ്പിച്ച പ്രതിപക്ഷനിരയുടെ നേതൃപദവിക്കു പ്രൗഢിയേറെയുണ്ടെങ്കിലും ഉത്തരവാദിത്തങ്ങൾ ഭാരിച്ചതാണ്. സ്വയം ഉൾവലിയാനും വിശ്വസ്തനിരയ്ക്കൊപ്പം സമയം ചെലവിടാനും ഇഷ്ടപ്പെടുന്ന രാഹുലിന് പെരുമാറ്റരീതികളിൽ ഇനി കാര്യമായ മാറ്റം വരുത്തേണ്ടി വരും.

വ്യത്യസ്ത താൽപര്യങ്ങളുള്ള പ്രതിപക്ഷ കക്ഷിനേതാക്കളെ ഒരേ മനസ്സോടെ അണിനിരത്തുകയെന്ന ദുഷ്കരദൗത്യവും അദ്ദേഹത്തെ കാത്തിരിക്കുന്നു. പ്രതിപക്ഷനേതാവ് ആകുന്നതിനു മുൻപുതന്നെ അത്തരം കാര്യങ്ങൾ രാഹുൽ ചെയ്തു തുടങ്ങിയത് ശുഭസൂചനയായി കോൺഗ്രസ് കാണുന്നു. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യം സ്ഥാനാർഥിയെ നിർത്തുന്ന കാര്യം അറിയിച്ചില്ലെന്നു പരാതിപ്പെട്ട ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ഫോണിൽ വിളിച്ച് രാഹുൽ അനുനയിപ്പിച്ചു; എസ്പി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ളവരുമായി നിരന്തരം ചർച്ചകൾ നടത്തി. കോൺഗ്രസിനും പ്രതിപക്ഷത്തിനും വേണ്ടി മുൻപ് സോണിയ ഗാന്ധി ചെയ്തിരുന്ന കാര്യങ്ങളാണിവ.

English Summary:

Opposition leader post: Opportunity and Challenge for Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com