അമൃത്പാലും എൻജിനീയർ റഷീദും ജയിലിൽനിന്നെത്തി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങ് കനത്ത സുരക്ഷയിൽ
Mail This Article
ന്യൂഡൽഹി∙ ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവ് അമൃത്പാൽ സിങ്ങും (31) കശ്മീരിൽ നിന്നുള്ള എൻജിനീയർ റഷീദ് എന്ന അബ്ദുൽ റഷീദ് ഷെയ്ഖും (56) കനത്ത സുരക്ഷാ അകമ്പടിയോടെ ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ജയിലിൽ കഴിയുന്ന ഇരുവർക്കും പരോൾ അനുവദിക്കാത്തതിനാലാണ് മറ്റുള്ളവർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തത്.
ഇരുവർക്കും കഴിഞ്ഞ ദിവസം പരോൾ കിട്ടി. ദേശസുരക്ഷാ നിയമപ്രകാരം അസമിലെ ദിബ്രുഗഡ് ജയിലിൽ കഴിയുന്ന അമൃത്‍പാലിനെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലെത്തിച്ചത്. ഭീകരപ്രവർത്തനത്തിന് 2017 ൽ അറസ്റ്റിലായ റഷീദ് തിഹാർ ജയിലിലാണ്.
ലോക്സഭാ സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ദൃശ്യങ്ങൾ പകർത്തുന്നതിനും മാധ്യമങ്ങളുമായി സംസാരിക്കുന്നതിനും ഇരുവർക്കും വിലക്കുണ്ടായിരുന്നു. അമൃത്പാൽ സിങ് പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ നിന്നും അബ്ദുൽ റഷീദ് ഷെയ്ഖ് കശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ നിന്നുമാണ് ജയിച്ചത്. ബാരാമുള്ളയിൽ നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയെ ഉൾപ്പെടെ റഷീദ് തോൽപിച്ചു.