ടൂറിസ്റ്റ് വാഹന നികുതി: ഹൈക്കോടതികളെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം
Mail This Article
ന്യൂഡൽഹി ∙ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളിൽനിന്നു സംസ്ഥാന സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്ന വിഷയം അതതു ഹൈക്കോടതികളിൽ ഉന്നയിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കേരളത്തിൽ നിന്നുൾപ്പെടെയുള്ള ട്രാൻസ്പോർട്ട് ഉടമകളുടെയും ടൂർ ഓപ്പറേറ്റർമാരുടെയും ഹർജികൾ പരിഗണിച്ച കോടതി ഇക്കാര്യത്തിൽ ഇടപെടാൻ വിസമ്മതിച്ചു. അഖിലേന്ത്യാ പെർമിറ്റുള്ള വാഹനങ്ങളിൽ നിന്ന് തമിഴ്നാട് സർക്കാർ നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ടാണ് കേസിന്റെ തുടക്കം. പിന്നാലെ, കേരള സർക്കാർ ഉൾപ്പെടെ നികുതി ഈടാക്കുന്നതു ചോദ്യം ചെയ്ത് റോബിൻ ബസിന്റേതുൾപ്പെടെ 94 ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചു.
റോഡ് ഉപയോഗിക്കുന്നതിനു നികുതി പിരിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ വാദിച്ചു. എന്നാൽ, അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടപ്രകാരം പെർമിറ്റ് ഫീസ് നൽകിയിട്ടുള്ളതിനാൽ അതിർത്തി നികുതി സംസ്ഥാനങ്ങൾക്കു നൽകേണ്ടതില്ലെന്നായിരുന്നു ബസ്സുടമകളുടെ നിലപാട്.
അതിർത്തിയിൽ പ്രവേശന നികുതി ഈടാക്കാൻ അവകാശമുണ്ടെന്നായിരുന്നു കേരള സർക്കാരിന്റെയും നിലപാട്.
സംസ്ഥാന ചട്ടങ്ങൾ ഹർജിയിൽ ചോദ്യം ചെയ്യാത്തതിനാൽ അവരുടെ നടപടികൾ നിയമവിരുദ്ധമാണെന്ന് പറയാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ജഡ്ജിമാരായ വിക്രംനാഥ്, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് ഹർജി തീർപ്പാക്കിയത്.