അച്ചടക്കലംഘനം: ആരോപണങ്ങൾ തെളിഞ്ഞാൽ അസിസ്റ്റന്റ് കലക്ടർ പുറത്ത്
Mail This Article
മുംബൈ ∙ സ്വകാര്യ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതടക്കമുള്ള അച്ചടക്കലംഘനത്തിന് സ്ഥലം മാറ്റപ്പെട്ട പ്രൊബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കർക്കെതിരെയുള്ള ആരോപണങ്ങൾ തെളിഞ്ഞാൽ സർവീസിൽ നിന്നു പിരിച്ചുവിട്ടേക്കാം. നിയമനടപടികളും നേരിടേണ്ടിവരും. കാഴ്ചപരിമിതി ഉണ്ടെന്ന് അവകാശപ്പെട്ട് യുപിഎസ്‌സിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകി, ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ സാധുത എന്നിവയാണ് കേന്ദ്ര പഴ്സനേൽ മന്ത്രാലയം അന്വേഷിക്കുന്നത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും.
അതിനിടെ, കർഷകരെ തോക്കെടുത്ത് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൂജയുടെ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു വർഷം മുൻപ് പുണെയിലെ മുൽഷിയിൽ കർഷകരുമായുള്ള ഭൂമി തർക്കത്തിനിടെയാണ് അമ്മ മനോരമ ഖേദ്കർ തോക്കുചൂണ്ടിയത്. സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് ഇടപെടൽ. ഇതുസംബന്ധിച്ച് കർഷകരുടെ പരാതിയും നിലവിലുണ്ട്. പുണെ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ മുൽഷിയിൽ ഖേദ്കർ കുടുംബത്തിനുള്ള ഭൂമിയുമായി ബന്ധപ്പെട്ട് സമീപത്തെ കർഷകരുമായി ഏറെനാളായി തർക്കവും കേസുമുണ്ട്.
പൂജ ഖേദ്കർ പുണെ കലക്ട്രേറ്റിൽ നിയമിതയായ വേളയിൽ അവർക്കൊപ്പം ഓഫിസിലെത്തി മകൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കലക്ടറേറ്റ് ജീവനക്കാർക്ക് നിർദേശം നൽകിയ പൂജയുടെ അച്ഛൻ ദിലീപ് ഖേദ്കറും അന്വേഷണം നേരിടുകയാണ്.