അതിഥിത്തൊഴിലാളികൾക്ക് റേഷൻ: ഉത്തരവു പാലിക്കാത്തതിൽ സുപ്രീം കോടതി വിമർശനം
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ 8 കോടി അതിഥിത്തൊഴിലാളികൾക്കു റേഷൻ കാർഡ് ഉറപ്പാക്കണമെന്ന ഉത്തരവു പാലിക്കാത്ത സംസ്ഥാന സർക്കാരുകളെ സുപ്രീം കോടതി വിമർശിച്ചു. വീഴ്ച വരുത്തിയ നടപടി അത്യന്തം ക്രൂരമാണെന്ന് ജഡ്ജിമാരായ സുധാൻഷു ധൂലിയ, എ.അമാനുല്ല എന്നിവരുടെ ബെഞ്ച് വിശേഷിപ്പിച്ചു. നിർദേശം പാലിക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നു താക്കീതു നൽകി. കേസ് വീണ്ടും പരിഗണിക്കുമ്പോൾ നടപടിയെടുത്തില്ലെങ്കിൽ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പും നൽകി.
റേഷൻ കാർഡിന്റെ കാര്യത്തിലെ പരിശോധന ഇ–ശ്രം പോർട്ടിൽ 4 ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനാണു കോടതി നിർദേശിച്ചിരിക്കുന്നത്. ത്രിപുരയും ബിഹാറും മാത്രമാണു കോടതിനിർദേശം പൂർണമായും പാലിച്ചതെന്നും ബാക്കി സംസ്ഥാനങ്ങൾ ഇപ്പോഴും നടപടിയിലാണെന്ന മറുപടിയാണു നൽകിയതെന്നും അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
ചില സംസ്ഥാനങ്ങൾ റേഷൻ കാർഡ് വിതരണം ചെയ്തെങ്കിലും റേഷൻ വിഹിതം നൽകുന്നില്ലെന്ന പ്രശ്നം കോടതി എടുത്തുപറഞ്ഞു. കേന്ദ്ര സർക്കാർ അധികവിഹിതം നൽകിയില്ലെന്നതാണ് അതിനു ന്യായമായി പറയുന്നത്. ഉത്തരവു പാലിക്കാത്ത സംസ്ഥാനങ്ങൾക്കു പിഴ ചുമത്തുമെന്നും കോടതി പറഞ്ഞു.