ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉത്തർപ്രദേശിലുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് സംസ്ഥാന അധ്യക്ഷപദവി ഒഴിയാമെന്ന് ഭൂപേന്ദ്ര സിങ് ചൗധരി ദേശീയ നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പുതോൽവിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിമതനീക്കത്തിനും പിന്നാലെയുണ്ടായ രാജിസന്നദ്ധത സംസ്ഥാനത്തു പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. 

തിരഞ്ഞെടുപ്പുതോൽവിയുടെ ചുവടുപിടിച്ചാണ് ആദിത്യനാഥിനെതിരായ നീക്കം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ശക്തമാക്കിയത്. തോൽവി പാർട്ടിയുടേതാണെന്നും അതിന്റെ ധാർമിക ഉത്തരവാദിത്തം തനിക്കാണെന്നും പറഞ്ഞാണ് ഭൂപേന്ദ്ര സിങ് ചൗധരി രാജിസന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരെ അദ്ദേഹം സന്ദർശിച്ചിരുന്നു. നഡ്ഡയെ കേശവ് പ്രസാദ് മൗര്യ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. യുപിയിൽ നേതൃമാറ്റം ഉടനുണ്ടാകുമെന്ന അഭ്യൂഹം ഇതോടെ പരന്നു. 

അടുത്ത മാസം തുടങ്ങുന്ന സംഘടനാ തിരഞ്ഞെടുപ്പു നടപടികൾക്കൊപ്പം യുപിയിലെ പ്രശ്നങ്ങളും പരിഹരിക്കാമെന്ന ആലോചനയിലാണു കേന്ദ്ര നേതൃത്വമെന്നാണു സൂചന. ആദിത്യനാഥിന്റെ മുഖ്യമന്ത്രിസ്ഥാനത്തിനു തൽക്കാലം ഇളക്കമുണ്ടായേക്കില്ല. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നു ഭൂപേന്ദ്ര സിങ് ചൗധരിയെയും തൽക്കാലം മാറ്റിയേക്കില്ല. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുതിയ അധ്യക്ഷൻ വന്നാൽ ഭൂപേന്ദ്ര സിങ് ചൗധരി മന്ത്രിസഭാംഗമാകും. ആദിത്യനാഥിനു സ്ഥിരം തലവേദനയുണ്ടാക്കുന്ന കേശവ് പ്രസാദ് മൗര്യയെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കാനിടയില്ല. 

English Summary:

Bhupendra Singh Chaudhary shares willingness to resign as UttarPradesh state president of BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com