ജമ്മുവിൽ രണ്ടിടത്ത് വെടിവയ്പ്; ഭീകരസംഘം കാടിനുള്ളിൽ, തിരച്ചിൽ ശക്തം
Mail This Article
ജമ്മു ∙ ദോഡ ജില്ലയിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരും വില്ലേജ് ഡിഫൻസ് ഫോഴ്സും തമ്മിൽ 2 തവണ വെടിവയ്പുണ്ടായി. കരസേനാ ഓഫിസർ ഉൾപ്പെടെ 4 സൈനികർ തിങ്കളാഴ്ച രാത്രി വീരമൃത്യു വരിച്ച ഏറ്റുമുട്ടലിനു പിന്നാലെയാണ് ഭീകരർ വനത്തിനുള്ളിൽ ഒളിച്ചത്. ഇവരെ പിടികൂടാൻ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് മെലാൻ ഗ്രാമത്തിലെ വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി.
3 ആഴ്ചയ്ക്കിടെ മൂന്നാമത്തെ ഭീകരാക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് സഹായം ചെയ്യുന്നത് പ്രാദേശിക പാർട്ടികളാണെന്ന ഡിജിപി ആർ.ആർ.സ്വയിന്റെ പ്രസ്താവന വിവാദമായി. തുടർന്ന് അത് വ്യക്തിപരമായ അഭിപ്രായമാണെന്ന് 4 വർഷമായി കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിജയ് കുമാർ പറഞ്ഞു.
സംസ്ഥാനത്തെ ഭൂരിപക്ഷ ജനതയെ പാക്കിസ്ഥാനികളായി മുദ്ര കുത്തുന്ന ഡിജിപിയെ പുറത്താക്കണമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറ്റമുണ്ടായപ്പോൾ ഡിജിപി എന്തു ചെയ്യുകയായിരുന്നു? എന്റെയും ഒമർ അബ്ദുല്ലയുടെയും ജോലിയാണോ നുഴഞ്ഞുകയറ്റം തടയുന്നത്?- മെഹബൂബ ചോദിച്ചു.