ADVERTISEMENT

ന്യൂഡൽഹി ∙ ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഹരിയാന കോൺഗ്രസിലെ 2 എംഎൽഎമാർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. 

ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാറിനെ (55) അറസ്റ്റ് ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സ്വകാര്യ കമ്പനികൾ വഴി വായ്പത്തട്ടിപ്പു നടത്തിയ കേസിൽ മറ്റൊരു കോൺഗ്രസ് എംഎൽഎ റാവു ധൻ സിങ്ങിന്റെയും അടുത്ത ബന്ധുക്കളുടെയും വീടുകളിലും ഓഫിസുകളിലും നടത്തിയ പരിശോധനയിൽ 1.42 കോടി രൂപ കണ്ടെടുത്തു. 

ഹരിയാന യമുനാനഗറിൽ കരിങ്കല്ല്, കല്ല്, മണൽ എന്നിവ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിരോധനം മറികടന്നു കുഴിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളുടെ തുടർച്ചയായാണ് സുരേന്ദർ പൻവാറിനെതിരായ ഇഡി കള്ളപ്പണക്കേസ് റജിസ്റ്റർ ചെയ്തത്. 400–500 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായാണ് ഇഡി പറയുന്നത്. 

ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവും മുൻ എംഎൽഎയുമായ ദിൽബാഗ് സിങ്, കൂട്ടാളി കുൽവീന്ദർ സിങ് എന്നിവരെ ഈ കേസിൽ ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു. 

ഖനന നടപടികൾ സുതാര്യമാക്കാനും നികുതി വെട്ടിപ്പു തടയാനുമെന്ന പേരിൽ തുടങ്ങിയ ഇ–രാവണ പദ്ധതിയുമായി ബന്ധപ്പെട്ടും ഇഡിയുടെ അന്വേഷണം നടക്കുന്നുണ്ട്. 

ബാങ്കുകളുടെ കൺസോർഷ്യത്തിനു വായ്പത്തട്ടിപ്പിൽ 1392.86 കോടി രൂപ നഷ്ടമായെന്ന സിബിഐ കേസുമായി ബന്ധപ്പെട്ടാണ് റാവു ധൻ സിങ്ങിനെതിരെ നടപടി. 32 ഫ്ലാറ്റ്, ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കൺസോർഷ്യത്തിൽനിന്നു വിവിധ കമ്പനികൾ വായ്പയെടുക്കുകയും ഈ കമ്പനികളിൽനിന്നു റാവു ധൻ സിങ്ങും കുടുംബാംഗങ്ങളും എടുത്ത വായ്പകൾ എഴുതിത്തള്ളുകയും ചെയ്താണു തട്ടിപ്പു നടത്തിയതെന്ന് ഇഡി അറിയിച്ചു. 

ഡൽഹി, ജംഷഡ്പുർ, മഹേന്ദ്ര നഗർ, ഗുരുഗ്രാം എന്നിവിടങ്ങളിലായി റാവു ധൻ സിങ്ങിന്റെയും മകൻ അക്ഷത് സിങ്, അടുത്ത ബന്ധുക്കൾ, 2 സ്വകാര്യ കമ്പനികളുടെ പ്രമോട്ടർമാർ തുടങ്ങിയവരുടെ വീടുകളിലും ഓഫിസുകളിലുമായിരുന്നു പരിശോധന. ഹരിയാന പ്രതിപക്ഷ നേതാവ് ഭുപീന്ദർ സിങ് ഹുഡയുടെ അടുപ്പക്കാരനാണ് റാവു ധൻ സിങ്. ഇത്തവണ ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

English Summary:

Enforcement Directorate takes action against 2 congress MLAs in Haryana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com