ബിൽക്കീസ് ബാനോ കേസ്: കുറ്റവാളികളുടെ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല
Mail This Article
ന്യൂഡൽഹി ∙ ബിൽക്കീസ് ബാനോ കേസിലെ 11 കുറ്റവാളികൾക്ക് ശിക്ഷയിളവു നൽകി മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കുറ്റവാളികളായ 2 പേരാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. അവ തള്ളുമെന്ന ഘട്ടത്തിൽ ഹർജിക്കാർ തന്നെ പിൻവലിച്ചു.
ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോ ഉൾപ്പെടെ 8 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യുകയും കുഞ്ഞുങ്ങളുൾപ്പെടെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തതാണ് കേസ്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരിൽ രാധേശ്യാം ഷാ, രാജുഭായ് സോണി എന്നിവരാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവരുമടക്കം 11 പേരെ മോചിപ്പിച്ച നടപടി കഴിഞ്ഞ ജനുവരി 8ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ഇല്ലാത്ത അധികാരം ഗുജറാത്ത് സർക്കാർ ഉപയോഗിച്ചതായും പ്രതികളുമായി ഒത്തുകളിച്ചുവെന്നും നിരീക്ഷിച്ചായിരുന്നു സുപ്രീം കോടതി നടപടി. വിധിക്കെതിരെ അപ്പീൽ നൽകിയ രീതിയെയും ജഡ്ജിമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് വിമർശിച്ചു.