ജമ്മുമേഖലയിലേക്ക് കൂടുതൽ സൈനികർ; വനത്തിൽ ഒളിക്കുന്ന ഭീകരരെ പിടികൂടാൻ 500 കമാൻഡോകൾ
Mail This Article
ന്യൂഡൽഹി ∙ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു മേഖലയിൽ സേനാ സാന്നിധ്യം ശക്തമാക്കി. ഒളിവിൽ കഴിയുന്ന ഭീകരരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള പാരാ സ്പെഷൽ ഫോഴ്സസിലെ 500 കമാൻഡോകളെ നിയോഗിച്ചു. ആക്രമണം നടത്തിയശേഷം വനങ്ങളിലേക്കു കടക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് കമാൻഡോകളെ രംഗത്തിറക്കിയിരിക്കുന്നത്. ജമ്മു മേഖലയിൽ 50 – 55 ഭീകരർ വനമേഖലയിൽ ഉണ്ടെന്നാണു സേനയുടെ നിഗമനം. സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞദിവസം ജമ്മുവിലെത്തിയിരുന്നു.
ചൈനയുമായുള്ള അതിർത്തിത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സേനാവിന്യാസം വെട്ടിച്ചുരുക്കി സൈനികരെ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ മുൻപു വിന്യസിച്ചിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ 3000 ൽ ഏറെ സേനാംഗങ്ങളെ ജമ്മുവിലെത്തിച്ചിരിക്കുന്നത്. കരസേനയ്ക്കു പുറമേ സിആർപിഎഫും പൊലീസും രംഗത്തുണ്ട്.
ഭീകരരുടെ നീക്കങ്ങൾ നിരീക്ഷിക്കാനും അവർക്കു സഹായമെത്തിക്കുന്നവരെ കണ്ടെത്താനും ഇന്റലിജൻസ് വിഭാഗവും ജമ്മു മേഖലയിൽ പ്രവർത്തനം സജീവമാക്കി.