ADVERTISEMENT

ന്യൂഡൽഹി ∙ ബജറ്റിൽ റെയിൽവേക്കു ലഭിച്ച വിഹിതത്തിൽ 1,08,795 കോടി രൂപ സുരക്ഷയ്ക്കായി ചെലവിടുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2,62,200 കോടി രൂപയാണു റെയിൽവേയുടെ ആകെ വിഹിതം. ബജറ്റ് പ്രസംഗത്തിൽ റെയിൽവേ വിഹിതത്തെപ്പറ്റി പറഞ്ഞിരുന്നില്ല.

മംഗളൂരു–തിരുവനന്തപുരം മൂന്നാം പാതയെപ്പറ്റിയുള്ള ചോദ്യത്തോടു പ്രതികരിക്കാതിരുന്ന അശ്വിനി വൈഷ്ണവ്, സിൽവർലൈനിനെക്കുറിച്ചും മിണ്ടിയില്ല. ∙ സുരക്ഷാ പദ്ധതിയായ കവച്, പുതിയ ട്രാക്കിടൽ, ട്രാക്ക് നവീകരണം, സിഗ്‌നൽ സംവിധാനം നന്നാക്കൽ, മേൽപാലങ്ങൾ, അടിപ്പാതകൾ, പുതിയ കോച്ചുകൾ, കോച്ചുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കായാണ് 1.08 ലക്ഷം കോടി രൂപ ചെലവാക്കുക.

∙ ജനറൽ കോച്ച് നിർമാണത്തിനു മുൻഗണന. 12,500 എണ്ണം നിർമിക്കും.

∙ വന്ദേഭാരത്, അമൃത്‌ഭാരത് പദ്ധതികൾ തുടരും.

ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിന് മുൻഗണന

തിരുവനന്തപുരം ∙ ബജറ്റ് വിഹിതത്തിൽ ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിനു റെയിൽവേ മുൻഗണന നൽകി. എറണാകുളം–കുമ്പളം രണ്ടാം പാതയ്ക്കു 105 കോടി രൂപയും കുമ്പളം–തുറവൂർ രണ്ടാം പാതയ്ക്ക് 102 കോടിയുമാണു നീക്കിവച്ചത്. എസ്റ്റിമേറ്റിന് അനുമതിയില്ലാത്ത തുറവൂർ–അമ്പലപ്പുഴ രണ്ടാം പാതയ്ക്ക് 500 കോടി വകയിരുത്തിയെങ്കിലും ചെലവാക്കാതെ തിരിച്ചെടുക്കാനാണു സാധ്യത.

അങ്കമാലി–എരുമേലി ശബരി പാതയ്ക്ക് ഇടക്കാല ബജറ്റിൽ നൽകിയ 100 കോടി നിലനിർത്തിയിട്ടുണ്ടെങ്കിലും കേരളം ചെലവു പങ്കിടുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ പണം ചെലവാക്കാനാകില്ല. 1516 കോടി ചെലവു കണക്കാക്കുന്ന ഷൊർണൂർ–എറണാകുളം മൂന്നാം പാതയ്ക്ക് 5 ലക്ഷം രൂപ മാത്രമാണു നീക്കിവച്ചിരിക്കുന്നത്. സർവേ ഘട്ടത്തിലായതു കൊണ്ടാണു കാര്യമായ വിഹിതമില്ലാത്തതെന്നാണു റെയിൽവേ വിശദീകരണം.

തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് ഇടക്കാല ബജറ്റിൽ 808 കോടി നീക്കിവച്ചിരുന്നെങ്കിലും 365 കോടി രൂപയായി വെട്ടിക്കുറച്ചു. ഭൂമിയേറ്റെടുക്കൽ പ്രതിസന്ധിയും സംസ്ഥാനത്തിന്റെ മെല്ലപ്പോക്കുമാണു തിരിച്ചടിയായത്. ഈ വർഷം 365 കോടിയുടെ പണികൾ നടത്താനുള്ള സാഹചര്യമേയുള്ളൂ എന്നാണ് റെയിൽവേ വിലയിരുത്തൽ.

കിഫ്ബിയിൽ പണമില്ലെന്നു പറഞ്ഞാണ് കേരളം ശബരി പദ്ധതിയിൽ ചെലവു പങ്കിടുന്ന കാര്യത്തിൽ തീരുമാനമെടുക്കാത്തത്. അടിസ്ഥാനസൗകര്യ വികസനത്തിന് സംസ്ഥാനങ്ങൾക്കു പലിശരഹിത വായ്പ അനുവദിക്കുമെന്നു ബജറ്റിലുണ്ട്. ഇത്തരത്തിൽ വായ്പയെടുത്തു ശബരി പാതയ്ക്കു പണം നൽകാൻ കഴിയുമോയെന്നു സംസ്ഥാനം പരിശോധിക്കണമെന്നു ശബരി റെയിൽവേ ആക്‌ഷൻ കൗൺസിൽ ഫെഡറേഷൻ ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽ പദ്ധതിക്കും സംസ്ഥാനത്തിന്റെ പക്കൽ പണമില്ലെന്നിരിക്കെ ഇത്തരം മാർഗങ്ങൾ തേടേണ്ടിവരും.

ടെർമിനൽ പദ്ധതിക്ക് 66 കോടി മാത്രം

തിരുവനന്തപുരം ∙ റെയിൽവേ ടെർമിനൽ പദ്ധതികൾക്കായി ദക്ഷിണ റെയിൽവേക്കുള്ള വിഹിതം 66 കോടി രൂപ മാത്രം. ഇതിൽനിന്നു നേമം ടെർമിനൽ പദ്ധതിക്കും പാലക്കാട് പിറ്റ്‌ലൈൻ പദ്ധതിക്കും പണം കണ്ടെത്തണം. നേമത്തെ സിവിൽ വർക്കുകൾക്കു മാത്രം 76 കോടിയാണ് എസ്റ്റിമേറ്റ്. മെക്കാനിക്കൽ, സിഗ്നൽ പണികൾ കൂടി തീർക്കാൻ 110 കോടിയാണു വേണ്ടത്. ഈ വർഷം 70 കോടി ലഭിക്കേണ്ടതാണെങ്കിലും അതിനു സാധ്യത വിരളമാണ്. പാലക്കാട് പിറ്റ്‌ലൈനും അനുബന്ധ സംവിധാനങ്ങൾക്കും 61 കോടിയാണു വേണ്ടത്. ഇതിൽ 30 കോടി നേരത്തേ അനുവദിച്ചിരുന്നെങ്കിലും പദ്ധതി മന്ദഗതിയിലാണ്.

English Summary:

Above two lakh crores for railway in Union budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com