ADVERTISEMENT

ന്യൂഡൽഹി ∙ ഖനികൾക്കും ധാതുനിക്ഷേപമുള്ള ഭൂമിക്കും നികുതി ചുമത്തുന്നതിനു നിയമം നിർമിക്കാൻ ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. 

ഖനികളും ധാതുക്കളുമായി ബന്ധപ്പെട്ട 1957–ലെ നിയമപ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന റോയൽറ്റി കൂടാതെ നികുതി ചുമത്താമോ എന്ന വിഷയമാണ് കോടതി പരിഗണിച്ചത്. റോയൽറ്റി തുകയെ നികുതിയായി കണക്കാക്കാൻ കഴിയില്ലെന്നാണ് ഭൂരിപക്ഷ (8–1) വിധിയിലൂടെ കോടതി വ്യക്തമാക്കിയത്. വേറെ നികുതി പാടില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിന് കനത്ത തിരിച്ചടിയാണ് വിധി. 

റോയൽറ്റി നികുതിയുടെ സ്വഭാവത്തോടു കൂടിയതാണെന്നും അതു പിരിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നുമാണ് ഭിന്നവിധിയെഴുതിയ ജസ്റ്റിസ് ബി.വി.നാഗരത്ന ചൂണ്ടിക്കാട്ടിയത്. റോയൽറ്റിയെ നികുതിയായി തരംതിരിച്ച 1989 ലെ സുപ്രീം കോടതി വിധി തെറ്റാണെന്നും ഭൂരിപക്ഷ വിധി ചൂണ്ടിക്കാട്ടുന്നു. 

നികുതിയിനത്തിൽ ഖനികളിൽനിന്നു കേന്ദ്രം പിരിച്ചെടുത്ത നികുതി തിരിച്ചുകിട്ടുന്ന കാര്യത്തിലും കോടതി തീരുമാനമെടുക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ കോടതിയോട് ആവശ്യപ്പെട്ടു. അതിനായി വിധിക്ക് മുൻകാല പ്രാബല്യം വേണമെന്നായിരുന്നു ആവശ്യം. അതിനെ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. ഇക്കാര്യത്തിൽ പറയാനുള്ളതു രേഖാമൂലം നൽകാൻ ബെഞ്ച് നിർദേശിച്ചു. ആ വിഷയം 31ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

English Summary:

Supreme Court said states can impose tax for mines and mineral deposited lands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com