ADVERTISEMENT

ന്യൂഡൽഹി ∙ ഹൈന്ദവ തീർഥയാത്രയായ ‘കൻവർ യാത്ര’ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭക്ഷണവിൽപനശാലകളിൽ ഉടമസ്ഥരുടെ പേരു പ്രദർശിപ്പിക്കണമെന്ന ഉത്തരവ് കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നു യുപി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പേര് നിർബന്ധമാക്കിയ ഉത്തരവു സ്റ്റേ ചെയ്ത സുപ്രീം കോടതിയുടെ നടപടി കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥയ്ക്ക് എതിരാണെന്നും യുപി സർക്കാരിനു വേണ്ടി അഭിഭാഷകൻ മുകുൾ റോഹത്ഗി ചൂണ്ടിക്കാട്ടി.

എന്നാൽ, അത്തരമൊരു വ്യവസ്ഥയുണ്ടെങ്കിൽ കൻവർ തീർഥയാത്ര നടക്കുന്ന സ്ഥലത്തു മാത്രമല്ല എല്ലായിടത്തും അതു നടപ്പാക്കണമെന്ന് ജഡ്ജിമാരായ ഋഷികേശ് റോയി, എസ്.വി.എൻ.ഭട്ടി എന്നിവരുടെ ബെഞ്ച് മറുപടി നൽകി. എല്ലായിടത്തും നടപ്പാക്കുന്നുണ്ടോ എന്നു വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. 

അതിനിടെ, യുപി സർക്കാർ നൽകിയ പുതിയ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ ഹർജിക്കാർ സാവകാശം തേടിയതോടെ ഹർജികൾ ഓഗസ്റ്റ് 5ലേക്ക് മാറ്റി. ആളുകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിന് അതുവരെ സ്റ്റേ തുടരും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളും ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷനുമാണ് കൻവർ തീർഥാടകർ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേരു പരസ്യമാക്കണമെന്ന വിവാദ നിർദേശം നൽകിയത്. 

ഹർജി പെട്ടെന്നു പരിഗണിക്കണമെന്നും അല്ലെങ്കിൽ തീർഥാടനത്തിന്റെ സമയം കഴിയുമെന്നും യുപി സർക്കാർ ചൂണ്ടിക്കാട്ടി. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശമെന്ന കാര്യം കോടതിയെ അറിയിക്കാനുള്ള ബാധ്യത ഹർജിക്കാർക്ക് ഉണ്ടായിരുന്നുവെന്നും പറഞ്ഞു. എന്നാൽ, ഉത്തരവിലൂടെ സർക്കാർ സമൂഹത്തിൽ വിവേചനം സൃഷ്ടിക്കുമെന്നതു യുപിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാണെന്നു ഹർജിക്കാരുടെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി പറഞ്ഞു. വിവാദ നടപടിക്കെതിരെ മഹുവ മൊയ്ത്ര എംപി, പ്രഫ. അപൂർവാനന്ദ് ഝാ, ആകാർ പട്ടേൽ എന്നിവരും അസോസിയേഷൻ ഫോർ പ്രൊട്ടക‍്ഷൻ ഓഫ് സിവിൽ റൈറ്റ്സുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

English Summary:

Kanwar yatra: Uttar pradesh government says oder to display name of shop owner as per central law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com