കോച്ചിങ് സെന്റർ ദുരന്തം: മരിച്ചവരിൽ മലയാളിയും, 2 പേർ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ കരോൾബാഗ് ഓൾഡ് രജീന്ദർ നഗറിൽ സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ഭൂഗർഭനിലയിൽ വെള്ളം നിറഞ്ഞു മുങ്ങിമരിച്ച 3 വിദ്യാർഥികളിലൊരാൾ മലയാളി. എറണാകുളം കാലടി സ്വദേശിയും ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെൻഎയു) ഗവേഷണ വിദ്യാർഥിയുമായ നെവിൻ ഡാൽവിൻ (26), യുപി അംബേദ്കർനഗർ സ്വദേശി ശ്രേയ യാദവ് (25), തെലങ്കാന സ്വദേശി തന്യ സോണി (25) എന്നിവരാണു ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.
റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പരിശീലനകേന്ദ്രത്തിലായിരുന്നു അപകടം. ശനിയാഴ്ച രാത്രി 7 മണിയോടെയാണു സമീപത്തെ കാന ഇടിഞ്ഞു നാലുനില കെട്ടിടത്തിന്റെ ഭൂഗർഭനിലയിലെ റീഡിങ് റൂമിലേക്കു വെള്ളം ഇരച്ചെത്തിയത്. മിനിറ്റുകൾക്കകം ഭൂഗർഭനില മുങ്ങി. ഫയർഫോഴ്സും ദേശീയ ദുരന്തനിവാരണസേനയും നടത്തിയ തിരച്ചിലിൽ ആദ്യം 2 പെൺകുട്ടികളുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെ നെവിന്റെ മൃതദേഹവും കണ്ടെത്തി. നെവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു നാട്ടിലെത്തിക്കും.
കോച്ചിങ് സെന്റർ ഉടമകൾക്കെതിരെയും മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയാവശ്യപ്പെട്ടു വിദ്യാർഥികൾ കരോൾബാഗ് മെട്രോസ്റ്റേഷനു സമീപമുള്ള റോഡ് തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അർധസൈനിക വിഭാഗങ്ങളെത്തി. ചില വിദ്യാർഥികളെ അറസ്റ്റ് ചെയ്തുനീക്കി.
റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ ഉടമ അഭിഷേക് ഗുപ്ത, കോഓർഡിനേറ്റർ ദേശ്പാൽ സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനു നാലു സംഘങ്ങൾ രൂപീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു ഡൽഹി സർക്കാർ ഒരുകോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
കാലടി മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് ലാൻസ് വില്ലയിൽ ഡാൽവിൻ സുരേഷിന്റെയും ഡോ.ടി.എസ്.ലാൻസലറ്റിന്റെയും മകനാണു നെവിൻ ഡാൽവിൻ (26). തിരുവനന്തപുരം പാറശാല സ്വദേശിയായ ഡാൽവിൻ സുരേഷ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പൊലീസ് അസിസ്റ്റന്റ് കമൻഡാന്റ് ആയാണു വിരമിച്ചത്. തിരുവനന്തപുരം പേയാട് സ്വദേശിനിയായ ഡോ. ലാൻസലറ്റ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ജ്യോഗ്രഫി വിഭാഗം മുൻ മേധാവിയാണ്.
10 വർഷം മുൻപാണ് ഇവർ മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് താമസമാക്കിയത്. നെവിന്റെ ഇളയ സഹോദരി നെസ്സി ഡാൽവിൻ മാറമ്പിള്ളി എംഇഎസ് കോളജിൽ അധ്യാപികയാണ്.