രാഹുൽഗാന്ധിയുടെ കടന്നാക്രമണം; പലവട്ടം ഇടപെട്ട് സ്പീക്കർ
Mail This Article
ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ സ്പീക്കർ ഓം ബിർല തുടർച്ചയായി ഇടപെട്ടത് പ്രതിഷേധത്തിനിടയാക്കി. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ശബ്ദമുയർത്തിയതോടെ നിങ്ങൾ എനിക്കെതിരെ ആസൂത്രിത നീക്കം നടത്തുകയാണോ എന്നു സ്പീക്കർ ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ, 21–ാം നൂറ്റാണ്ടിലെ പത്മവ്യൂഹത്തിനു പിന്നിൽ 6 പേരാണെന്നു പറഞ്ഞപ്പോഴായിരുന്നു സ്പീക്കറുടെ ആദ്യ ഇടപെടൽ. സഭയിൽ ഇല്ലാത്തവരുടെ പേരുകൾ പറയാൻ പാടില്ലെന്നു സ്പീക്കർ പറഞ്ഞു. പിന്നീടു പലപ്പോഴും ഇവരുടെ പേരുകൾ പറയാൻ രാഹുൽ ശ്രമിച്ചെങ്കിലും സ്പീക്കർ ഇടപെട്ടു.
തന്റെ വാദങ്ങൾ ഉന്നയിക്കാൻ ഇവരുടെ പേരുകൾ പറയേണ്ടതുണ്ടെന്നും അത് എങ്ങനെ പറയണമെന്നു സ്പീക്കർ പറഞ്ഞു തന്നാൽ നന്നായിരിക്കുമെന്നും രാഹുൽ പറഞ്ഞു. ഹൽവ തയാറാക്കൽ ചടങ്ങിന്റെ ചിത്രം കാട്ടിയപ്പോഴും സ്പീക്കർ വിലക്കി. താൻ ചിത്രം ഉയർത്തുമ്പോഴെല്ലാം ക്യാമറ തന്നിൽ നിന്നു തിരിക്കുകയാണെന്നായിരുന്നു രാഹുലിന്റെ മറുപടി. കർഷകർ തന്നെ കാണാൻ എത്തിയപ്പോൾ അവർക്കു കടുത്ത നിയന്ത്രണം നേരിടേണ്ടി വന്നുവെന്നു പറഞ്ഞപ്പോൾ അസത്യമല്ലാത്ത കാര്യങ്ങൾ പറയരുതെന്നു സ്പീക്കർ പറഞ്ഞു. എന്നാൽ രാഹുൽ അനുഭവം വിവരിച്ചു. താങ്കൾ പ്രതിപക്ഷ നേതാവാണെന്നും ഉചിതമായി പെരുമാറണമെന്നും പല തവണ ഓം ബിർല നിർദേശിച്ചു.
ഇന്ത്യ പിടിച്ചടക്കിയ ചക്രവ്യൂഹത്തിനു പിന്നിൽ 3 ശക്തികളുണ്ടെന്നും കുത്തക മൂലധനമാണ് ആദ്യത്തേതെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തെ സമ്പത്ത് മുഴുവൻ സ്വന്തമാക്കാൻ രണ്ടു പേരെ മാത്രം അനുവദിക്കുകയാണ്. ഇ.ഡി, സിബിഐ, ആദായ നികുതി വകുപ്പ് എന്നിവയെല്ലാമാണു രണ്ടാമത്തെ ശക്തി. ഭരണനേതൃത്വമാണു മൂന്നാമതേത്. ഈ മൂന്നുമാണു ചക്രവ്യൂഹത്തിന്റെ ഹൃദയമെന്നും ഇവ ചേർന്നു രാജ്യത്തെ നശിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
കുത്തക ബിസിനസുകാരെ സഹായിക്കാൻ വേണ്ടി മാത്രമുള്ളതായി ബജറ്റ് മാറിയെന്ന് അദ്ദേഹം പറഞ്ഞു. ‘ജനാധിപത്യ സംവിധാനത്തിന്റെ ഘടന ബജറ്റ് തകർത്തു. വിദ്യാഭ്യാസ മേഖലയ്ക്കുള്ള വിഹിതം കുറച്ചു. നിങ്ങൾ ദേശീയവാദികളെന്ന് അവകാശപ്പെടുന്നു, എന്നാൽ സൈനികരുടെ വിഷയമെത്തുമ്പോൾ അവരുടെ പെൻഷനു വേണ്ടി ഒരു തുക പോലും മാറ്റിവച്ചില്ല’– രാഹുൽ വിമർശിച്ചു.
മാധ്യമനിയന്ത്രണത്തിന് എതിരെ രാഹുൽ
ന്യൂഡൽഹി ∙ പാർലമെന്റിൽ മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ വിഷയം പ്രതിപക്ഷ നേതാവ് ലോക്സഭയിൽ ഉയർത്തി. പുതിയ പാർലമെന്റ് മന്ദിരത്തിനു പുറത്ത് കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവരുമായി സംസാരിക്കാൻ മാധ്യമങ്ങൾക്ക് അവസരമുണ്ട്. എംപിമാർ പ്രവേശിക്കുന്ന ‘മകർ ദ്വാർ’ എന്ന കവാടത്തിനു സമീപമാണിത്. എന്നാൽ ഇന്നലെ രാവിലെ ഈ ഭാഗത്തേക്കു കടക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതിനെതിരെ മാധ്യമപ്രവർത്തകർ രംഗത്തെത്തിയിരുന്നു. തുടർന്നാണു രാഹുൽ ഗാന്ധി ഈ വിഷയം ഉയർത്തിയത്. വൈകിട്ടു സ്പീക്കറുമായി മാധ്യമപ്രവർത്തകർ നടത്തിയ ചർച്ചകൾക്കു പിന്നാലെ നിയന്ത്രണം പിൻവലിക്കാൻ തീരുമാനിച്ചു.