ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാം ജില്ലയിൽ മെയ്തെയ് -കുക്കി സംഘടനകൾ സമാധാനക്കരാറിൽ ഒപ്പുവച്ചു. സിആർപിഎഫിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സേനാ വിഭാഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു കരാർ. വെടിവയ്പോ തീവയ്പോ നടത്തില്ലെന്നും സുരക്ഷാ ഏജൻസികളുമായി സഹകരിക്കുമെന്നും കരാറിലുണ്ട്. 

ഒന്നര വർഷം മുൻപ് ആരംഭിച്ച മണിപ്പുർ കലാപത്തിന് ശേഷം ആദ്യമായാണ് ഇരുവിഭാഗത്തിനും പങ്കാളിത്തമുള്ള സമാധാനക്കരാർ ഉണ്ടാവുന്നത്. സംസ്ഥാനത്ത് കലാപം നടന്ന പല പ്രധാന കേന്ദ്രങ്ങളിലും ഇപ്പോഴും ഇരുവിഭാഗവും യുദ്ധസജ്ജമായി നിൽക്കുകയാണെങ്കിലും ജിരിബാമിലെ സമാധാനശ്രമങ്ങൾ ജനങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്. 

കുക്കി ഗോത്രവിഭാഗത്തിന്റെ ഭാഗമായ മാർ ഗോത്ര വിഭാഗവും മെയ്തെയ്കളുമാണ് ജിരിബാമിൽ ഇനി അക്രമം നടത്തില്ലെന്ന് ധാരണയിലെത്തിയത്. അസമിനോട് ചേർന്നുള്ള അതിർത്തി ജില്ലയാണ് ജിരിബാം. സമീപകാലം വരെ ഇവിടെ സമാധാന അന്തരീക്ഷമായിരുന്നു. ജൂണിൽ ഒരു കർഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഇവിടെ സംഘർഷമുണ്ടാത്. നൂറു കണക്കിനാളുകൾ അക്രമം ഭയന്ന് പലായനം ചെയ്യുകയും ചെയ്തു. ഇംഫാൽ താഴ്​വരയിലെ മെയ്തെയ് ഭൂരിപക്ഷ ജില്ലകളിലും കുക്കി ഭൂരിപക്ഷ ജില്ലകളായ ചുരാചന്ദ്പുർ, കാങ്പോക്പി, തെഗ്നോപാൽ ജില്ലകളിലുമാണ് കലാപം ഏറെയും നടന്നത്. 

അതേസമയം, മിസോറം മുഖ്യമന്ത്രി ലാൽഡുഹോമ ഇംഫാൽ സന്ദർശിക്കുമെന്ന് അറിയിച്ചു. മണിപ്പുർ കലാപത്തിൽ സമാധാനശ്രമങ്ങൾക്ക് ലാൽഡുഹോമ നേതൃത്വം നൽകുമോ എന്നത് വ്യക്തമല്ല. 

മെയ്തെയ് റാലി അക്രമാസക്തം 

കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിൽ പലായനം ചെയ്ത മെയ്തെയ് വിഭാഗക്കാർ പുനരധിവാസം ആവശ്യപ്പെട്ട് നടത്തിയ റാലി അക്രമാസക്തമായി. സിആർപിഎഫ് കണ്ണീർവാതക ഷെല്ലുകൾ ഉപയോഗിച്ചതിനെത്തുടർന്ന് ടിവി ജേണലിസ്റ്റ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. തെഗ്നോപാൽ ജില്ലയിലെ മോറെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്തവരാണ് ഇംഫാലിൽ പ്രകടനം നടത്തിയത്. 

അസം റൈഫിൾസിനെ പിൻവലിക്കരുതെന്നാവശ്യപ്പെട്ട് കുക്കി-സോ വിഭാഗക്കാർ ചുരാചന്ദ്പുരിലും റാലി നടത്തി. 9 അസം റൈഫിൾസ് ബറ്റാലിയനു പകരം സിആർപിഎഫിനെ ജില്ലയിൽ വിന്യസിക്കാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. അസം റൈഫിൾസ് കുക്കി വിഭാഗക്കാരെ സഹായിക്കുകയാണെന്ന് മെയ്തെയ് സംഘടനകൾ ആരോപിച്ചിരുന്നു.

English Summary:

Meithei-Kuki organizations signed peace agreement in Jiribam district of Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com