ട്രെയിൻ യാത്രക്കാരിൽ പ്രതിപക്ഷം ഭീതിയുണ്ടാക്കുന്നു: റെയിൽവേ മന്ത്രി
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ‘സമൂഹമാധ്യമ ട്രോൾ ആർമി’യെ ഉപയോഗിച്ചു 2 കോടിയിലേറെ വരുന്ന ട്രെയിൻ യാത്രക്കാരിൽ ഭീതിയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ ‘റീൽ മിനിസ്റ്റർ’ എന്ന പരിഹാസത്തിൽ ക്ഷുഭിതനായാണു കേന്ദ്രമന്ത്രി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. കേന്ദ്രമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചു.
ചെറിയ സംഭവങ്ങളെപ്പോലും പ്രതിപക്ഷം പെരുപ്പിച്ചു കാട്ടുകയാണെന്നു പറഞ്ഞ മന്ത്രി തങ്ങളല്ല റീലുകളുണ്ടാക്കുന്നതെന്നും ഏറെ ആത്മാർഥതയോടെ ജോലി ചെയ്യുന്നവരാണെന്നും മറുപടി നൽകി. അസത്യത്തിന്റെ കടകൾ തുറക്കുന്നതിന്റെ തിരക്കിലാണു കോൺഗ്രസ്. ആ കടകൾ വിജയിക്കില്ല. ചിലപ്പോൾ അവർ ആർമിക്കെതിരെ വിമർശനം ഉയർത്തുന്നു, ചിലപ്പോൾ റെയിൽവേയ്ക്കെതിരെ. ഇത്തരം രാഷ്ട്രീയം വിജയിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വന്ദേ സ്ലീപ്പർ വൈകാതെ
ദീർഘദൂര ട്രെയിൻ യാത്രയ്ക്കുള്ള ‘വന്ദേ സ്ലീപ്പർ’ ട്രെയിനുകൾ അധികം വൈകാതെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയത്തിന്റെ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. 700–1000 കിലോമീറ്റർ ദൈർഘ്യമുള്ള ട്രെയിൻ യാത്രകൾ കൂടുതൽ സുഖകരമാക്കാനാണു വന്ദേ സ്ലീപ്പർ ആവിഷ്കരിച്ചത്. ആദ്യ ട്രെയിനിന്റെ നിർമാണം പൂർത്തിയാക്കി. ഇതിന്റെ പരീക്ഷണ ഓട്ടം നടക്കുകയാണ് – അദ്ദേഹം പറഞ്ഞു.
സാധാരണക്കാർക്കു വേണ്ടിയുള്ള ജനറൽ കംപാർട്ട്മെന്റുകൾ എല്ലാ ട്രെയിനുകളിലും ഉറപ്പാക്കുമെന്നും എല്ലാ എക്സ്പ്രസ് ട്രെയിനുകളിലും 4 ജനറൽ കോച്ചുകളെങ്കിലുമുണ്ടായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
അമൃത് ഭാരത് ട്രെയിനുകൾ 2 എണ്ണം നിലവിൽ സർവീസ് ആരംഭിച്ചുവെന്നും 50 ട്രെയിനുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഹ്രസ്വദൂര യാത്രകൾക്കു വേണ്ടി വന്ദേ മെട്രോയും രൂപകൽപന ചെയ്തിട്ടുണ്ട്. ഈ ട്രെയിനും വൈകാതെ യാത്ര ആരംഭിക്കും.