എഫ്സിഐയിൽനിന്ന് സംസ്ഥാനങ്ങൾക്ക് അരി നേരിട്ടു വാങ്ങാം: കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ അരിയുടെ ദൗർലഭ്യം നേരിടുന്ന സംസ്ഥാനങ്ങൾക്ക് ഇന്നലെ മുതൽ ഫുഡ് കോർപറേഷൻ വഴി നേരിട്ട് അരി വാങ്ങാമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ അധികമുള്ള ധാന്യങ്ങൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴിയാണിത്. എന്നാൽ സംസ്ഥാനങ്ങൾ ഇ–ലേലത്തിൽ പങ്കെടുക്കേണ്ടതില്ല.
ക്വിന്റലിന് 2,800 രൂപയ്ക്ക് അരി ലഭ്യമാക്കും. മുൻപിത് 2,900 രൂപയായിരുന്നു. ഓണക്കാലം വരുന്നതിനാൽ സപ്ലൈകോയ്ക്ക് ഈ തീരുമാനം ഗുണകരമാകും. ഗോഡൗണിൽ അധികമായുള്ള അരി അടുത്ത സംഭരണസീസണിനു മുൻപ് തീർക്കുന്നതിന്റെ ഭാഗം കൂടിയാണിത്.
സംസ്ഥാന സർക്കാർ ഏജൻസികൾക്ക് ഒഎംഎസ്എസിൽ ഒരു വർഷക്കാലമായി ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കുമെന്ന് കേന്ദ്രം ഏതാനും ആഴ്ചകൾക്കു മുൻപ് അറിയിച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ ഉത്സവകാലത്തും മറ്റും കുറഞ്ഞവിലയ്ക്ക് അരി ലഭ്യമാക്കാനും വിലവർധന തടയാനും കഴിയും. ഭാരത് അരി, ഭാരത് ആട്ട എന്നിവയുടെ വിൽപന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.