ADVERTISEMENT

ന്യൂഡൽഹി ∙ ഭരണഘടനാമൂല്യങ്ങളുടെ ലംഘനമാണു വഖഫ് ഭേദഗതി ബിൽ എന്ന വാദമാണ് ഇന്നലെ പ്രതിപക്ഷം പ്രധാനമായും ഉയർത്തിയത്. എന്നാൽ, യുപിഎ സർക്കാരിന്റെ കാലത്ത് അടക്കം രൂപീകരിച്ച വിവിധ സമിതികൾ വഖഫ് നവീകരണത്തിനായി നൽകിയ ശുപാർശകൾ നടപ്പാക്കുക മാത്രമാണു ചെയ്തതെന്നാണു കേന്ദ്രസർക്കാരിന്റെ വാദം.

‘നിങ്ങൾക്കു കഴിയാതിരുന്നതു ഞങ്ങൾ ചെയ്യുന്നു’ എന്നായിരുന്നു കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മറുപടി. പ്രതിപക്ഷത്തിനു ബില്ലിലെ വ്യവസ്ഥകളെല്ലാം ബോധ്യപ്പെട്ടതാണ്, എന്നാൽ രാഷ്ട്രീയസമ്മർദം കൊണ്ടാണ് എതിർക്കുന്നത്. സച്ചാർ കമ്മിറ്റിയുടെ ശുപാർശയടക്കം ബില്ലിൽ പരിഗണിച്ചിട്ടുണ്ട്. വഖഫ് ബോർഡുകളെ മാഫിയകൾ കയ്യടക്കിയതായി പല മുസ്‍ലിംകളും സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. ഏതു സ്ഥലവും എന്തെങ്കിലും കാരണം പറഞ്ഞു വഖഫ് ഭൂമിയാക്കി വിജ്ഞാപനം ചെയ്യുന്നത് ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് സാധ്യമാണോയെന്നും മന്ത്രി ചോദിച്ചു.

വഖഫ് ട്രൈബ്യൂണലിൽ വരുത്തുന്ന മാറ്റങ്ങൾ വഴി, പരിഹരിക്കപ്പെടാതെ കിടക്കുന്ന ആയിരക്കണക്കിനു പരാതികൾക്ക് തീർപ്പുവരുത്താനാകും. 10 വർഷത്തോളം നീണ്ട കൂടിയാലോചനകൾക്കു ശേഷമാണ് ബിൽ അവതരിപ്പിക്കുന്നത്. ഒരു മതസ്ഥാപനത്തിന്റെയും പ്രവർത്തനത്തെ ബിൽ ബാധിക്കില്ലെന്നും മുസ്‍ലിം ക്ഷേമത്തിനായി ഇത്തരമൊരു ബിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും റിജിജു പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വാദങ്ങൾ

‘മുസ്‍ലിംകളല്ലാത്തവരെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താനാണ് നീക്കം. അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലോ ഗുരുവായൂർ ദേവസ്വം ബോർഡിലോ അഹിന്ദുക്കളെ ഉൾപ്പെടുത്തുന്നത് ആരെങ്കിലും ചിന്തിക്കുമോ? ആദ്യം നിങ്ങൾ മുസ്‍ലിംകൾക്കെതിരെ തിരിയും, പിന്നീട് ക്രൈസ്തവർക്കെതിരെയും ജൈനർക്കെതിരെയും പാർസികൾക്കെതിരെയും തിരിയും. ഭിന്നതയുണ്ടാക്കി കലാപം സൃഷ്ടിക്കാനുള്ള നീക്കമാണിത്.’ – കെ.സി. വേണുഗോപാൽ (കോൺഗ്രസ്)

‘സർക്കാരിന്റെ വൃത്തികെട്ട അജൻഡയുടെ ഭാഗമാണ് ബിൽ. ഇത് പാസായാൽ വഖഫ് സംവിധാനം ആകെ തകരും. സർക്കാരിന്റെ ഇഷ്ടക്കാരെ നിറച്ച് വഖഫ് സ്ഥാപനങ്ങൾ തകർക്കുകയാണ് ലക്ഷ്യം. വഖഫ് ഭൂമിയിലെ കയ്യേറ്റം തടയുന്നത് അസാധ്യമായി മാറും. ഹിന്ദുവിനെയും മു‍സ്‍ലിമിനെയും ചേരിതിരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ തടയും.’ – ഇ.ടി. മുഹമ്മദ് ബഷീർ (മുസ്‍ലിം ലീഗ്)

‘ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനമാണിത്. കൂടിയാലോചനകളൊന്നും നടന്നിട്ടില്ല. നാനാത്വത്തിൽ ഏകത്വം എന്ന സങ്കൽപത്തിനു വിരുദ്ധമാണിത്. വഖഫ് ബോർഡ് വെറുമൊരു നോമിനേറ്റഡ് ബോർഡ് ആയി മാറും.’ – കെ. രാധാകൃഷ്ണൻ (സിപിഎം)

‘ഈ ബിൽ പാസാക്കാനുള്ള നിയമനിർമാണ അധികാരം പാർലമെന്റിനില്ല. സഭയിൽ ഭൂരിപക്ഷമുള്ളതുകൊണ്ടു നിങ്ങൾക്കു നിയമം പാസാക്കാൻ കഴിഞ്ഞേക്കും. എന്നാൽ നിയമപരിശോധനയ്ക്കു വിധേയമാക്കിയാൽ ബിൽ ഭരണഘടനാവിരുദ്ധമായി കണ്ടെത്തി റദ്ദാക്കിയേക്കും.’ – എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി)

‘നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുൻപ് വർഗീയസംഘങ്ങളെ പ്രീണിപ്പിക്കാനുള്ള നീക്കമാണിത്. ഇതര മതസ്ഥരെ മറ്റൊരു മതപരമായ സ്ഥാപനങ്ങളിലും ഉൾപ്പെടുത്താത്തപ്പോൾ വഖഫ് ബോർഡിൽ മാത്രം ഉൾപ്പെടുത്തണമെന്നു പറയുന്നതിന്റെ യുക്തിയെന്താണ്?’ – അഖിലേഷ് യാദവ് (സമാജ്‍വാദി പാർട്ടി)

‘ഹിന്ദു രാഷ്ട്രം നടപ്പാക്കാനുള്ള അജൻഡ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യം തള്ളിയതാണ്. ഭരണഘടനാമൂല്യങ്ങളുടെ ലംഘനമാണ് ബിൽ. ഇത് ഇന്ത്യയിലെ മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ളതാണ്.’ – കല്യാൺ ബാനർജി (തൃണമൂൽ കോൺഗ്രസ്)

‘പാർലമെന്റിന് ഇതൊരു ദുഃഖഭരിതമായ ദിവസമാണ്. ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് ഈ ബിൽ. ഇന്ത്യയെക്കുറിച്ച് പൂർവികർ കണ്ട മതനിരപേക്ഷ സ്വപ്നത്തെ തകർക്കുകയാണ് ബിജെപി ചെയ്യുന്നത്.’ – കെ.കനിമൊഴി (ഡിഎംകെ)

‘കൂടിയാലോചനകളില്ലാതെ നിങ്ങളുടെ അജൻഡ അടിച്ചേൽപിക്കരുത്. പാർലമെന്റിൽ വരുന്നതിനു മുൻപ് ചില മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകി. ഇതാണോ  പ്രവർത്തനരീതി?’ – സുപ്രിയ സുളെ എൻസിപി (പവാർ)

വഖഫ് ഭേദഗതി: ഘടക കക്ഷികളുടെ സമ്മർദത്തിന് സർക്കാർ വഴങ്ങി

ന്യൂഡൽഹി ∙ എൻഡിഎ ഘടകക്ഷികളുടെ സമ്മർദമാണ് വഖഫ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്കു വിടാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ വ്യക്തമാകുന്നത്. മോദി സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തിൽ, സുപ്രധാന ബില്ലുകൾ പോലും മന്ത്രാലയങ്ങളുടെ പാർലമെന്ററി സ്ഥിരം സമിതിക്കു വിടാത്തതിനു വിമർശനം ഏറെ കേട്ടിട്ടുള്ളതാണ്.

ബിൽ സ്ഥിരംസമിതി പരിശോധിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, ഇനിയും സ്ഥിരം സമിതികൾ രൂപീകരിച്ചിട്ടില്ല. അതുകൊണ്ടാണു സംയുക്ത സമിതി രൂപീകരിച്ച് വഖഫ് ബിൽ പരിശോധിപ്പിക്കുന്നത്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പാണ് തിടുക്കത്തിൽ ബിൽ കൊണ്ടുവരാൻ ബിജെപിയെ പ്രേരിപ്പിച്ചതെന്നാണു സൂചന. എന്നാൽ, തങ്ങളെ ബാധിക്കാത്ത തിരഞ്ഞെടുപ്പിന്റെ തിടുക്കം ഘടക കക്ഷികൾക്കില്ല. ടിഡിപിക്കും ജെഡിയുവിനും മുസ്‌ലിം പിന്തുണ പ്രധാനവുമാണ്. അതുകൊണ്ടുതന്നെ അവർ ബിൽ സമിതി പരിശോധിക്കുന്നതിനെ അനുകൂലിച്ചു.

ബില്ലിനെ പിന്തുണയ്ക്കാം, പക്ഷേ, ആക്ഷേപങ്ങൾ പരിഗണിക്കണം; അതിനായി സമിതിക്കു വിടണം– ടിഡിപി, ജെഡിയു, ജനസേന തുടങ്ങിയ കക്ഷികൾ ഇങ്ങനെ വ്യവസ്ഥ വച്ചുവെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. ബില്ലിനെ വൈഎസ്ആർസിപി എതിർത്തത് ടിഡിപിയുടെ നിലപാടിനെ എങ്ങനെ സ്വാധീനിക്കുമെന്നും വ്യക്തമാകേണ്ടതുണ്ട്.

English Summary:

Waqf amendment Bill: Government says welfare is the goal while opposition alleges attempt to divide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com