ഹിജാബ്, ബുർഖ ക്യാംപസിൽ ധരിക്കാം: സുപ്രീം കോടതി; മുംബൈയിലെ കോളജിന്റെ നിരോധനം ശരിവച്ച വിധിക്ക് സ്റ്റേ
Mail This Article
ന്യൂഡൽഹി ∙ ഹിജാബ്, ബുർഖ എന്നിവ നിരോധിച്ച മുംബൈയിലെ സ്വകാര്യ കോളജിന്റെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹിജാബ് അനുവദിക്കുന്നതിനെ എതിർത്ത കോളജ് അധികൃതരോട് പൊട്ടുതൊട്ടോ കുറിയിട്ടോ വിദ്യാർഥികൾ വരുന്നതിനെ നിങ്ങൾ തടയുന്നുണ്ടോ എന്ന് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് ചോദിച്ചു. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും കാലത്തിനു ശേഷം ഇതേക്കുറിച്ചു സംസാരിക്കേണ്ടി വരുന്നത് ദൗർഭാഗ്യമാണെന്നും കോടതി പറഞ്ഞു.
വിവാദ നടപടി കൈക്കൊണ്ട ചെമ്പൂരിലെ ട്രോംബെ എജ്യുക്കേഷൻ സൊസൈറ്റിയുടെ എൻ.ജി. ആചാര്യ ആൻഡ് ഡി.കെ. മറാഠേ കോളജിലെ വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. കോളജിന്റെ നടപടി നേരത്തേ ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.
ക്യാംപസിൽ ഹിജാബ് ധരിക്കുന്നതിൽ പ്രശ്നമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നു വ്യക്തമാക്കി. എന്നാൽ, ഹർജിക്കാർ ആവശ്യപ്പെട്ടതുപ്രകാരം, ഹിജാബും ബുർഖയും ധരിക്കാൻ അനുമതി നൽകിയാൽ മറ്റു വിദ്യാർഥികൾ കാവിഷാളും മറ്റും പുതച്ചു ക്യാംപസിലെത്താൻ സാധ്യതയുണ്ടെന്നും ഇതു രാഷ്ട്രീയ വിഷയമായി മാറാൻ സാധ്യതയുണ്ടെന്നും കോളജിനു വേണ്ടി ഹാജരായ മാധവി ദിവാൻ ചൂണ്ടിക്കാട്ടി.