ADVERTISEMENT

ന്യൂഡൽഹി ∙ ഇ.ഡി ചുമത്തിയ കേസിൽ ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാതിരിക്കാൻ മുൻകൂർ പദ്ധതിയെന്ന നിലയിൽ നടത്തിയ ‘ഇൻഷുറൻസ് അറസ്റ്റാണ്’ സിബിഐയുടേതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ‌കേജ്‌രിവാളിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പിഎംഎൽഎ നിയമത്തിലെ കർശന വ്യവസ്ഥകളിൽ പോലും ജാമ്യം ലഭിച്ചതാണെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടി. എന്നാൽ, ഇടക്കാല ജാമ്യാവശ്യം ഉടൻ പരിഗണിക്കാൻ വിസമ്മതിച്ച കോടതി, സിബിഐക്ക് നോട്ടിസയച്ചു. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിലും ജസ്റ്റിസ് സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നോട്ടിസയച്ചു. 23നു പരിഗണിക്കും. 

ഇ.ഡിയുടെ കേസിൽ 2 തവണ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതും വിചാരണക്കോടതി സ്ഥിരം ജാമ്യം അനുവദിച്ചതും അഭിഭാഷകൻ ശ്രദ്ധയിൽപെടുത്തി. ഇടക്കാല ജാമ്യം പരിഗണിച്ചില്ലെങ്കിലും കേജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് അടുത്തയാഴ്ച ഹർജി പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയത്. 

സിബിഐ കേസിലെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി നേരത്തേ തള്ളി. ഇ.ഡിയുടെ കേസിൽ അറസ്റ്റിലായിരിക്കെ ജൂൺ 26നാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. 

English Summary:

CBI conducted 'Insurance Arrest'; Kejriwal's lawyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com