ജമ്മു കശ്മീർ തിരഞ്ഞെടുപ്പു സഖ്യം: വ്യത്യസ്ത ഫോർമുലയ്ക്ക് കോൺഗ്രസ് ശ്രമം
Mail This Article
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേതിൽനിന്നു വ്യത്യസ്തമായ സഖ്യ ഫോർമുലയ്ക്കുള്ള നീക്കം ശക്തമാക്കി കോൺഗ്രസ്. 10 വർഷത്തെ ഇടവേളയ്ക്കുശേഷം ജമ്മു കശ്മീരിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കാതിരിക്കാൻ വിട്ടുവീഴ്ചയാകാമെന്ന നിലപാടാണു ഹൈക്കമാൻഡിന്. കശ്മീരിലെ നേതാക്കളുമായി ഇന്നു ചർച്ച നടത്തുന്ന പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ സഖ്യകാര്യത്തിലും സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടും.
ഇന്നു രാവിലെ ശ്രീനഗറിലും ഉച്ചയ്ക്കുശേഷം ജമ്മുവിലുമാണു പാർട്ടിയോഗങ്ങൾ. നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയുമായുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. സഖ്യരൂപീകരണത്തിൽ ഇരുപാർട്ടികളും സംസ്ഥാനതലത്തിൽ തയാറാക്കുന്ന ഫോർമുലയിലെ തർക്കവിഷയങ്ങളിലാകും അന്തിമമായി ഹൈക്കമാൻഡ് ഇടപെടുക.
അതേസമയം, ദേശീയതലത്തിൽ പിഡിപി ഇന്ത്യാസഖ്യത്തിന്റെ ഭാഗമെങ്കിലും നാഷനൽ കോൺഫറൻസുമായുള്ള അകലം പരിഹരിച്ചിട്ടില്ല. കോൺഗ്രസ് ഇക്കാര്യത്തിൽ മുൻകയ്യെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും കോൺഗ്രസ് ഇതേ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. എന്നാൽ, ഇരു പാർട്ടികളും കോൺഗ്രസ് മത്സരിച്ച ജമ്മുവിലെ 2 സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. ഇക്കുറി ചർച്ചയ്ക്ക് ഇരുപാർട്ടികളും കോൺഗ്രസിനെ സമീപിച്ചിട്ടുണ്ട്.