അവിവാഹിതർക്കും ഒറ്റയ്ക്കു കഴിയുന്നവർക്കും കുട്ടികളെ ഏറ്റെടുക്കാം
Mail This Article
ന്യൂഡൽഹി ∙ അവിവാഹിതർക്കും ഒറ്റയ്ക്കു താമസിക്കുന്നവർക്കും ഇനി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാം. വിവാഹിതർക്കു മാത്രം ഫോസ്റ്റർ കെയർ അനുവദിച്ചിരുന്ന മാനദണ്ഡം ഒഴിവാക്കി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം പുതിയ മാർഗരേഖ പ്രസിദ്ധീകരിച്ചു. അവിവാഹിതർ, വിവാഹബന്ധം പിരിഞ്ഞവർ, പങ്കാളി മരിച്ചവർ എന്നിവർക്കെല്ലാം ഇനി കുട്ടികളെ ഏറ്റെടുക്കാൻ സാധിക്കും. ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകൾക്ക് ഏതു ലിംഗത്തിലുമുള്ള കുട്ടികളെ ഏറ്റെടുക്കാമെങ്കിൽ പുരുഷന് ആൺകുട്ടികളെ മാത്രമേ ഏറ്റെടുക്കാനാകൂ.
ഫോസ്റ്റർ കെയറിലുള്ള കുട്ടികളെ 2 വർഷത്തിനു ശേഷം ദത്തെടുക്കാനും സാധിക്കും. മുൻപ് 5 വർഷത്തിനു ശേഷമാണു ദത്തെടുക്കൽ അനുവദിച്ചിരുന്നത്. ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ ഉൾപ്പെടെ കഴിയുന്ന 6 വയസ്സിനു മുകളിലുള്ള കുട്ടികളെ ഏറ്റെടുക്കാം. ഫോസ്റ്റർ കെയറിന് ഒരു വർഷമാണു കുറഞ്ഞ കാലാവധി. ദമ്പതികളാണു കുട്ടികളെ ഏറ്റെടുക്കുന്നതെങ്കിൽ ഇരുവരും ഇന്ത്യക്കാരായിരിക്കണം. കുറഞ്ഞത് 2 വർഷമെങ്കിലും സന്തുഷ്ട ദാമ്പത്യം നയിക്കുന്നവരാകണം. മുൻപ് ഈ വ്യവസ്ഥയുണ്ടായിരുന്നില്ല.