ADVERTISEMENT

ന്യൂഡൽഹി ∙ വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവർക്കു കേന്ദ്രം പ്രത്യേക നഷ്ടപരിഹാര ഫണ്ട് നൽകുന്നില്ലെന്നു കേരളം പറയുമ്പോഴും സഹായധനം ഇരട്ടിയാക്കി നൽകുമെന്ന് ആവർത്തിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. സഹായം 5 ലക്ഷത്തിൽനിന്ന് 10 ലക്ഷം രൂപയായി ഉയർത്തിയെന്ന് 21നു സംസ്ഥാനത്തിനു നൽ‌കിയ കത്തിൽ വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കേരളത്തിൽ നിലവി‍ൽ 10 ലക്ഷം രൂപയാണു നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ, 10 ലക്ഷം രൂപയും കേന്ദ്രം തന്നെ നൽകുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയത്. കേന്ദ്രസഹായം ഇരട്ടിയാക്കിയതോടെ സംസ്ഥാനത്ത് നഷ്ടപരിഹാരത്തുകയിൽ മാറ്റമുണ്ടാകുമോ എന്നു വ്യക്തമല്ല. മരിച്ചയാളുടെ അനന്തരാവകാശികൾക്ക് 10 ലക്ഷം രൂപയും സ്ഥിരമായ വൈകല്യം സംഭവിക്കുന്നവർക്ക് 2 ലക്ഷം രൂപയും ഗുരുതരപരുക്കിനു പരമാവധി 25,000 രൂപ വരെയുമാണു കേന്ദ്രം നൽകുന്നത്. 12.73 കോടി രൂപയാണു കേരളത്തിന് അനുവദിച്ചിട്ടുള്ളത്.

കേന്ദ്രാവിഷ്കൃത പദ്ധതിയായ ഐഡിഡബ്ല്യുഎച്ച്, പ്രോജക്ട് എലിഫന്റ് എന്നിവയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന തുകയുടെ 60% കേന്ദ്ര വിഹിതമെന്നും 40% സംസ്ഥാന വിഹിതമെന്നുമാണു സംസ്ഥാന വനം വകുപ്പ് അവകാശപ്പെട്ടിരുന്നത്. വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവർക്കായി പ്രത്യേക സഹായം കേന്ദ്രം തുക നൽകുന്നില്ലെന്നും ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഫോർ വൈൽഡ് ലൈഫ് ഹാബിറ്റാറ്റ്, പ്രോജക്ട് എലിഫന്റ്, പ്രോജക്ട് ടൈഗർ, ദേശീയോദ്യാനങ്ങൾ തുടങ്ങിയ 8 പദ്ധതികൾക്കു കീഴിലാണു കേന്ദ്രം പണം നൽകുന്നതെന്നുമാണു സംസ്ഥാന സർക്കാർ വാദം.

വന്യജീവി ശല്യത്തിൽ കേന്ദ്രസഹായവും മാർഗനിർദേശവും ആവശ്യപ്പെട്ടു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു സമർപ്പിച്ച നിവേദനത്തിനു മറുപടിയായി മന്ത്രാലയം നൽകിയ നിർദേശങ്ങളിലാണ് നഷ്ടപരിഹാരത്തുക ഉയർത്തിയ കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

∙പ്രത്യേക തുക ലഭിക്കുന്നില്ല

‘കേന്ദ്രത്തിൽനിന്ന് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു നൽകാൻ പ്രത്യേക തുക ലഭിക്കുന്നില്ല. വിവിധ പദ്ധതികളുടെ ഭാഗമായി ലഭിക്കുന്ന സഹായധനത്തിൽനിന്നു സംസ്ഥാന സർക്കാരാണു നഷ്ടപരിഹാരത്തുക നൽകുന്നത്. കേന്ദ്രം 12.73 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. നഷ്ടപരിഹാരത്തിനായി ഇതിൽ പ്രത്യേക ഉപശീർഷകം ഇല്ല. ഫണ്ടിൽനിന്നു വകമാറ്റി നഷ്ടപരിഹാരത്തിന് ഉപയോഗിക്കാം എന്നു മാത്രം. അങ്ങനെ നൽകുകയാണെങ്കിൽ ഒരാൾക്ക് പരമാവധി 10 ലക്ഷമാക്കി നിജപ്പെടുത്തണമെന്നാണു കേന്ദ്ര നിർദേശം’ വ– വനംമന്ത്രി എ.കെ.ശശീന്ദ്രൻ 

English Summary:

Human-Wildlife Conflict: Kerala Seeks Clarity on Compensation as Central Aid Doubles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com