അസമിലും കൂട്ടബലാൽസംഗം; പ്രക്ഷോഭം പടരുന്നു
Mail This Article
ഗുവാഹത്തി ∙ അസമിലെ നഗോൺ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വഴിയരികിൽ ഉപേക്ഷിച്ച സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തു പ്രക്ഷോഭം ശക്തിപ്പെടുന്നു. അക്രമികളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും 2 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു.
10–ാം ക്ലാസ് വിദ്യാർഥിയായ 14 വയസ്സുകാരി വ്യാഴാഴ്ച രാത്രി 8ന് ട്യൂഷൻ കഴിഞ്ഞു സൈക്കിളിൽ മടങ്ങുമ്പോൾ ധിങ്ങിൽ വച്ച് മോട്ടർ സൈക്കിളിലെത്തിയ 3 പേർ ആക്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ കുളക്കരയിൽ ഉപേക്ഷിച്ച് സംഘം കടന്നു. നാട്ടുകാരാണു വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് ആദ്യം ധിങ്ങിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തിയശേഷം 25 കിലോമീറ്റർ അകലെയുള്ള നഗോണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ നിർദേശപ്രകാരം മന്ത്രി പീയൂഷ് ഹസാരിക, ഡിജിപി ഗ്യാനേന്ദ്ര പ്രതാപ് സിങ് എന്നിവർ സ്ഥലത്തെത്തി. പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിക്കെതിരെ ഇത്തരമൊരു ഹീനകൃത്യം ചെയ്തവരെ വിടില്ലെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി. സ്ഥാപനങ്ങൾ അടച്ചിട്ടു. ചിലയിടങ്ങളിൽ പ്രതിഷേധം ഏറ്റുമുട്ടലായി മാറി.
തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും മൊബൈൽ വിശദാംശങ്ങൾ കൈമാറാൻ കമ്പനികൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
പീഡനം: പഞ്ചാബിൽ സ്കൂൾബസ് ഡ്രൈവർ അറസ്റ്റിൽ
ചണ്ഡിഗഡ് ∙ 12–ാം ക്ലാസ് വിദ്യാർഥിനിയെ ബലാൽസംഗം ചെയ്ത സ്കൂൾ ബസ് ഡ്രൈവർ പഞ്ചാബിലെ സിരക്പുരിൽ അറസ്റ്റിൽ. മുഹമ്മദ് റസാഖ് (26) എന്ന പ്രതി പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ മേയ്, ജൂലൈ മാസങ്ങൾക്കിടെ 3 തവണ ഭീഷണിയുണ്ടായെങ്കിലും മാതാപിതാക്കൾ ദൂരെയായതിനാൽ വിവരം അറിഞ്ഞില്ല.