ADVERTISEMENT

ന്യൂഡൽഹി ∙റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടു വ്യക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു സാധിച്ചുവെങ്കിലും കൂടുതൽ ക്രിയാത്മകമായ നിലപാട് യുക്രെയ്ൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമെന്നു വ്യക്തം. റഷ്യയോടുള്ള ഇന്ത്യയുടെ നിലപാടു മാറ്റുകയാണെങ്കിൽ‍ യുദ്ധം അവസാനിക്കുമെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ പ്രസ്താവന അതാണു വ്യക്തമാക്കുന്നത്.

റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു വിശദീകരിച്ചുകൊടുക്കാൻ സാധിച്ചുവെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കീവിൽ വച്ചുതന്നെ പ്രസ്താവിച്ചിരുന്നു. എന്നാൽ റഷ്യയുമായുള്ള ഇന്ത്യയുടെ അടിസ്ഥാനപരമായ സൗഹൃദം യുക്രെയ്ൻ നേതൃത്വത്തിന് ഇനിയും പൂർണബോധ്യമായോ എന്നു വ്യക്തമല്ല. എന്നാൽ, ഇതിലപ്പുറം ഇന്ത്യൻ നേതൃത്വം പ്രതീക്ഷിച്ചിരുന്നുമില്ല. ‘യുദ്ധക്കെടുതി നേരിടുന്ന ഒരു രാജ്യം എല്ലാ കാര്യങ്ങളും അവരുടെ പ്രിസത്തിലൂടെ മാത്രമേ കാണൂ’– വിദേശകാര്യവകുപ്പിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞു. മോദിയുടെ കഴിഞ്ഞമാസത്തെ റഷ്യ സന്ദർശനത്തിന്റെ തുലനത്തിനു വേണ്ടിയാണു യുക്രെയ്ൻ സന്ദർശിച്ചതെന്ന ലളിതമായ വിശദീകരണത്തിലാണു പാശ്ചാത്യ മാധ്യമങ്ങൾ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.

ഇന്ത്യയുമായുള്ള ബന്ധങ്ങൾ ശക്തമായിത്തന്നെ തുടരണമെന്നാണ് യുക്രെയ്നും ആഗ്രഹിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്. ഇന്ത്യ–യുക്രെയ്ൻ ബന്ധങ്ങളെ ശാക്തികതന്ത്രതലത്തിലേക്ക് ഉയർത്താൻ ശ്രമിക്കണമെന്നും സാമ്പത്തികവും സൈനികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തണമെന്നും ഇരുനേതൃത്വവും സമ്മതിച്ചിട്ടുണ്ട്.

യുദ്ധത്തിൽ യുക്രെയ്നിന്റെ അടുത്ത സുഹൃദ് രാജ്യമായ പോളണ്ട് പ്രധാനമന്ത്രി സന്ദർശിച്ചതും ശ്രദ്ധേയമായി. കിഴക്കൻ യൂറോപ്പിലെയും മധ്യയൂറോപ്പിലെയും രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ താൽപര്യം വ്യക്തമാക്കുന്നതാണിത്. ഇന്ത്യയുടെ ടി–72 ടാങ്കുകൾ പരിഷ്ക്കരിക്കുന്നതുൾപ്പടെ വിവിധ സൈനികസംരംഭങ്ങളിൽ പോളണ്ടിലെ കമ്പനികൾക്കു താൽപര്യമുണ്ട്. ടാങ്കുകളുൾപ്പെടെ കവചിതവാഹനങ്ങളുടെ സാങ്കേതികവിദ്യയിൽ പോളണ്ടിലെ കമ്പനികൾ പേരെടുത്തവയാണ്.

 മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഉത്തർപ്രദേശിൽ ഉയർന്നുവരുന്ന സൈനിക വ്യവസായ ഇടനാഴിയിൽ പോളണ്ടിന്റെ പോളിഷ് ആർമമെന്റ് ഗ്രൂപ്പ്, ബൂമാർ തുടങ്ങിയ കമ്പനികൾ താൽപര്യം കാട്ടിയിട്ടുണ്ട്.

English Summary:

Ukraine not convinced of India's friendship with Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com