കങ്കണയുടെ സിനിമ സിഖ് വികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം; ‘എമർജൻസി’യുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കി
Mail This Article
ന്യൂഡൽഹി ∙ നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ട് സംവിധാനം ചെയ്ത് അഭിനയിക്കുന്ന സിനിമ ‘എമർജൻസി’യുടെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. സിഖ് മതത്തെ മോശമായി ചിത്രീകരിക്കുന്നെന്ന പരാതിയെത്തുടർന്നാണിത്. 6നു റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിനു കഴിഞ്ഞ 29നു സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയെങ്കിലും വിവാദത്തെത്തുടർന്നാണു പിൻവലിച്ചത്.
ഒരു മിനിറ്റ് 14 സെക്കൻഡുകൾ മാത്രം വെട്ടിമാറ്റിയായിരുന്നു സർട്ടിഫിക്കറ്റ് അനുവദിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിട്ടാണ് കങ്കണ വേഷമിടുന്നത്. ചരിത്രസംഭവങ്ങൾ തെറ്റായി ചിത്രീകരിച്ച് സിഖ് സമൂഹത്തിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാരോപിച്ചു ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) സെൻസർ ബോർഡിനും കങ്കണ റനൗട്ടിനും നോട്ടിസ് അയച്ചു. ശിരോമണി അകാലിദളും (എസ്എഡി) ചിത്രത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.