‘ഒരു ആശയമല്ല, ആശയങ്ങളുടെ കൂട്ടമാണ് ഇന്ത്യ’: യുഎസിലെ പ്രസംഗങ്ങളിൽ ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
Mail This Article
വാഷിങ്ടൻ ∙ ബിജെപിയും ആർഎസ്എസും വിശ്വസിക്കുന്നതുപോലെ ഇന്ത്യ എന്നത് ഒരു ആശയം അല്ലെന്നും മറിച്ച് ആശയങ്ങളുടെ ബഹുസ്വരതയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ‘ഭാഷ, ജാതി, മതം തുടങ്ങിയവയ്ക്കപ്പുറം എല്ലാവർക്കും ഇടം നൽകാൻ കഴിയണമെന്നാണു നാം വിശ്വസിക്കുന്നത് ’– യുഎസ് സന്ദർശനത്തിനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് ടെക്സസിലെ ഡാലസിൽ ഇന്ത്യൻ സമൂഹത്തോടു സംസാരിക്കുകയായിരുന്നു.
സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് വിശ്വസിക്കുന്നവരാണ് ആർഎസ്എസും ബിജെപിയും. സ്ത്രീകൾ വീട്ടിലിരുന്നാൽമതി, അവർ ഭക്ഷണം ഉണ്ടാക്കണം, അധികം സംസാരിക്കാൻ പാടില്ല എന്നെല്ലാമാണ് അവരുടെ കാഴ്ചപ്പാട്. ഇന്ത്യൻ പുരുഷന്മാരുടെ സ്ത്രീകളോടു സമീപനത്തിൽ മാറ്റം വരണം. സ്ത്രീകൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടണം. പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ സ്ത്രീകൾക്കു സാമ്പത്തികസഹായം നൽകണം– യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ വിദ്യാർഥികളുമായുള്ള സംവാദത്തിൽ രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി ഇന്ത്യൻ ഭരണഘടനയെ ആക്രമിക്കുകയാണെന്നു തിരിച്ചറിഞ്ഞ ലക്ഷക്കണക്കിനു ജനങ്ങളുടെ ചെറുത്തുനിൽപ്പാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നു രാഹുൽ നിരീക്ഷിച്ചു. തിരഞ്ഞെടുപ്പുഫലം വന്നതോടെ ഇന്ത്യയിൽ ബിജെപിയെയോ പ്രധാനമന്ത്രിയെയോ ഒരാളും പേടിക്കാതായി. ഭരണഘടനയെ ആക്രമിക്കുന്നത് അനുവദിക്കാൻ പാടില്ലെന്നു ജനങ്ങൾ തിരിച്ചറിഞ്ഞു.
ജനങ്ങളുടെ ശബ്ദമാണു പ്രതിപക്ഷമെന്നും ജനങ്ങളുടെ ആശങ്കകളും താൽപര്യങ്ങളും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നതിലാണ് പ്രതിപക്ഷം ഊന്നൽ നൽകുന്നതെന്നും രാഹുൽ പറഞ്ഞു.
‘കഴിവുള്ളവർക്ക് ഏകലവ്യന്റെ ഗതി’
വാഷിങ്ടൻ ∙ വൈദഗ്ധ്യമുള്ള ലക്ഷക്കണക്കിനാളുകൾ ഇന്ത്യയിൽ മാറ്റിനിർത്തപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘ഗുരുവിന്റെ പ്രീതിക്കായി തള്ളവിരൽ മുറിച്ചുനൽകേണ്ടിവന്ന മഹാഭാരതത്തിലെ ഗോത്രവർഗക്കാരനായ ഏകലവ്യന്റെ നിങ്ങൾ കഥ കേട്ടിട്ടില്ലേ? ലക്ഷക്കണക്കിന് ഏകലവ്യൻമാരുടെ കഥകളാണ് ഓരോ ദിവസവും ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വൈദഗ്ധ്യം ഉള്ള ഉള്ള മനുഷ്യർ മാറ്റിനിർത്തപ്പെടുന്നു, അവരെ പ്രവർത്തിക്കാനോ വളരാനോ അനുവദിക്കുന്നില്ല. രാജ്യത്തെ ഒന്നോ രണ്ടോ ശതമാനത്തിന്റെ വളർച്ച കൊണ്ട് ഇന്ത്യയുടെ കരുത്തിനെ സ്വതന്ത്രമാക്കാനാവില്ല’– ടെക്സസ് സർവകലാശാലാ വിദ്യാർഥികളുമായുള്ള സംവാദത്തിൽ രാഹുൽ പറഞ്ഞു.