സൈനിക തോക്കുകളുമായി മണിപ്പുർ പൊലീസ്, വിമർശനവുമായി കുക്കികൾ
Mail This Article
കൊൽക്കത്ത ∙ ഡ്രോൺ ആക്രമണവും റോക്കറ്റ് ആക്രമണവും ഉണ്ടായ സാഹചര്യത്തിൽ സൈനിക ആയുധങ്ങളുമായി മണിപ്പുർ പൊലീസ്. മീഡിയം മെഷീൻ ഗണ്ണുകൾ (എംഎംജി) വാങ്ങിയ മണിപ്പുർ പൊലീസ് പരിശീലനത്തിനായി സൈന്യത്തിന്റെ സഹായം തേടി.
യുദ്ധമേഖലയിൽ ഉപയോഗിക്കുന്ന 7.26 എംഎം എംകെ 2 എ1 തോക്കുകളാണ് പൊലീസ് സംഭരിച്ചിട്ടുള്ളത്. കലാപത്തിൽ മെയ്തെയ്കളുടെ പക്ഷം ചേർന്നെന്ന് ആരോപണവിധേയരായ പൊലീസ് ഇത്രയും പ്രഹരശേഷിയുള്ള തോക്കുകൾ സ്വന്തമാക്കിയത് വംശഹത്യക്കാണെന്നു കുക്കി ഗോത്രങ്ങൾ ആരോപിച്ചു. ഈ തോക്കുകൾ തീവ്ര മെയ്തെയ് സംഘങ്ങളിലെത്താൻ സാധ്യതയുണ്ടെന്നും ആരോപിച്ചു.
കലാപത്തിനിടെ കഴിഞ്ഞവർഷം ലൈറ്റ് മെഷീൻ ഗൺ ഉൾപ്പെടെ 5000 തോക്കുകളും (എൽഎംജി) 5 ലക്ഷം വെടിയുണ്ടകളും ഗ്രനേഡുകളും പൊലീസ് ആയുധപ്പുരയിൽനിന്ന് തീവ്ര മെയ്തെയ് സംഘങ്ങൾ കവർന്നിരുന്നു. എന്നാൽ, മീഡിയം മെഷീൻ ഗൺ നേരത്തേതന്നെ പൊലീസിന്റെ കൈവശമുണ്ടെന്നും ഉപയോഗിക്കാറില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ഭീകരരെ ലക്ഷ്യമിട്ടാണു യന്ത്രത്തോക്കുകൾ വാങ്ങിയതെന്നും ജനങ്ങൾക്കുനേരെ പ്രയോഗിക്കില്ലെന്നും മണിപ്പുർ റൈഫിൾസിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.