യച്ചൂരിയുടെ വിയോഗം കേന്ദ്രത്തിന്റെ തിരുത്തൽ പ്രക്രിയയ്ക്കിടെ, പ്രശ്നങ്ങളിൽ നേരിട്ടിടപെടുന്ന ശൈലി
Mail This Article
തിരുവനന്തപുരം ∙ ജനങ്ങളോട് ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം മുകൾത്തട്ടു മുതൽ താഴെത്തട്ടു വരെയുള്ള പാർട്ടി പ്രവർത്തകർ തിരുത്തുക തന്നെ വേണമെന്നാണ് ഒടുവിലത്തെ കേരള സന്ദർശന വേളയിൽ സീതാറാം യച്ചൂരി പാർട്ടിക്കാരോടു നിഷ്കർഷിച്ചത്. മേഖലാ റിപ്പോർട്ടിങ്ങിലായിരുന്നു ഈ പ്രസംഗം. ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ തോൽവിയെ തുടർന്ന് തിരുത്തൽ പ്രക്രിയയിലേക്കു കേരള ഘടകത്തെ കേന്ദ്രനേതൃത്വം നയിക്കുന്നതിനിടെയാണ് ജനറൽ സെക്രട്ടറിയുടെ വിടവാങ്ങൽ.
കേരളത്തിലെ സംഘടനാ പ്രശ്നങ്ങളെക്കുറിച്ച് ഇത്രയേറെ ബോധ്യമുള്ള, ഇടപെടുന്ന മറ്റൊരാൾ ഇന്നു പാർട്ടി കേന്ദ്രനേതൃത്വത്തിൽ ഇല്ല. പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന രീതിയായിരുന്നു യച്ചൂരിക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻതോൽവിയുടെ കാരണങ്ങളിൽ ഒന്ന് ഭരണവിരുദ്ധ വികാരമാണെന്ന് തുറന്നുപറയാനും കേന്ദ്രകമ്മിറ്റിയുടെ ആ അവലോകന രേഖ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കാനും അദ്ദേഹം മടിച്ചില്ല.
ഭരണത്തുടർച്ചയ്ക്കു ശേഷം കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ യച്ചൂരി പൂർണ തൃപ്തനായിരുന്നില്ല. എന്നാൽ, സംസ്ഥാന ഘടകത്തെ വിശ്വാസത്തിലെടുക്കാതെയുള്ള നീക്കങ്ങൾക്ക് അദ്ദേഹം മുതിർന്നുമില്ല. ഭരണ–സംഘടനാ കാര്യങ്ങളിലെ വിയോജിപ്പ് നേരിട്ട് മുഖ്യമന്ത്രിയെയോ പാർട്ടി സെക്രട്ടറിയെയോ അറിയിക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടർന്നത്. അതിന്റെ ഭാഗമായി തിരഞ്ഞെടുപ്പു ഫലത്തിനു മുൻപു തന്നെ ചില തിരുത്തലുകൾ ഇവിടെ നടക്കുകയും ചെയ്തു.