ഗഡ്കരി പറഞ്ഞതുപോലെ തന്നെ, ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾക്ക് ഇനി സബ്സിഡി ഇല്ല
Mail This Article
ന്യൂഡൽഹി ∙ ഒടുവിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതുതന്നെ സംഭവിച്ചു. കഴിഞ്ഞ ദിവസത്തെ കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ച ഇലക്ട്രിക് വാഹന സബ്സിഡി പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഇലക്ട്രിക് കാറുകൾ ഉൾപ്പെടുത്തിയില്ല. ഫെയിം (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്) സ്കീമിന്റെ മൂന്നാം ഘട്ടമായ പിഎം ഇ–ഡ്രൈവ് പദ്ധതിയാണ് കഴിഞ്ഞ ദിവസം കേന്ദ്രം പ്രഖ്യാപിച്ചത്. ഹൈബ്രിഡ് കാറുകളും സ്കീമിൽ ഉൾപ്പെടുത്തിയില്ല.
ഇലക്ട്രിക് വാഹനനിർമാതാക്കൾക്ക് ഇനി സബ്സിഡി നൽകേണ്ടതില്ലെന്നാണ് ഒരാഴ്ച മുൻപ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഒരു ചടങ്ങിൽ പറഞ്ഞത്. തുടക്കത്തിൽ ഉൽപാദനച്ചെലവ് കൂടുതലായിരുന്നതുകൊണ്ടാണു സബ്സിഡി നൽകിയത്. ഡിമാൻഡ് വർധിച്ചതോടെ ഉൽപാദനച്ചെലവ് കുറഞ്ഞതായും കേന്ദ്രമന്ത്രി പറഞ്ഞു.
ഈ പരാമർശം ചർച്ചയായതോടെ ആനുകൂല്യങ്ങൾക്ക് താൻ എതിരല്ലെന്നും ഹെവി ഇൻഡസ്ട്രീസ് മന്ത്രിക്ക് ബോധ്യപ്പെട്ടാൽ സബ്സിഡി നൽകാമെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്നലെ പ്രഖ്യാപിച്ച പദ്ധതിയിൽ മുച്ചക്ര, ഇരുചക്ര വാഹനങ്ങൾ, ഹൈബ്രിഡ് ആംബുലൻസുകൾ, ഇലക്ട്രിക് ട്രക്കുകൾ എന്നിവയ്ക്കു മാത്രമാണ് സബ്സിഡി. ഫെയിം രണ്ടാം ഘട്ടത്തെ അപേക്ഷിച്ച് പിഎം ഇ–ഡ്രൈവിലെ സബ്സിഡിക്കായി നീക്കിവച്ചിരിക്കുന്ന തുകയും കാര്യമായി കുറഞ്ഞിട്ടുണ്ട്.