സമരപ്പന്തലിൽ മമത; വഴിമുട്ടി ചർച്ച
Mail This Article
കൊൽക്കത്ത ∙ ആർ.ജി.കർ ആശുപത്രിയിലെ പിജി വിദ്യാർഥിനി പീഡനത്തിൽ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിൽ ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന സമരം ഒത്തുതീരാനുള്ള ശ്രമം നാടകീയ സംഭവങ്ങൾക്കൊടുവിൽ വീണ്ടും പരാജയപ്പെട്ടു. അപ്രതീക്ഷിതമായി ജൂനിയർ ഡോക്ടർമാരുടെ സമരവേദിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സന്ദർശനം നടത്തുകയും തുടർന്ന് വൈകുന്നേരം ഡോക്ടർമാർ മമതയുടെ ഓഫിസിൽ എത്തുകയും ചെയ്തെങ്കിലും ചർച്ച നടന്നില്ല. ചർച്ചയുടെ തത്സമയ വിഡിയോ സംപ്രേഷണം വേണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ അംഗീകരിക്കാഞ്ഞതാണ് ഇത്തവണയും തടസ്സമായത്.
‘നിങ്ങൾ ചർച്ച വേണമെന്നു പറഞ്ഞു. ഞാൻ കാത്തിരുന്നു. എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത്? കഴിഞ്ഞ 3 തവണയും ഞാൻ കാത്തിരുന്നു. നിങ്ങൾ വന്നില്ല’– മമത പിന്നീട് വികാരനിർഭരയായി പ്രതികരിച്ചു.
നേരത്തെ അപ്രതീക്ഷിതമായി ഡോക്ടർമാരുടെ സമരപ്പന്തലിലെത്തിയ മമത, ആവശ്യങ്ങൾ പരിഹരിക്കാമെന്നും ആരെങ്കിലും കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ കർശന ശിക്ഷ ഉറപ്പാക്കാമെന്നും വാക്കുനൽകിയിരുന്നു.
‘മുഖ്യമന്ത്രി എന്ന നിലയിലല്ല, ദീദി (മൂത്ത സഹോദരി) എന്ന നിലയിലാണ് ഞാൻ നിങ്ങൾക്കരികിലെത്തിയത്. സർക്കാർ ആശുപത്രികളിലെ മുഴുവൻ ക്ഷേമസമിതികളും അടിയന്തരമായി പിരിച്ചുവിടുകയാണ്. ആർ.ജി കർ ആശുപത്രിയിലെ ക്ഷേമ സമിതിയും പിരിച്ചുവിടുന്നു. പുതിയ സമിതികൾക്ക് പ്രിൻസിപ്പൽമാർ നേതൃത്വം നൽകും. ജൂനിയർ ഡോക്ടർമാരുടെയും സീനിയർ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പ്രതിനിധികൾ സമിതിയിൽ ഉണ്ടാകും. പ്രശ്നം ഒത്തുതീർക്കാനുള്ള എന്റെ അവസാനത്തെ ശ്രമമാണിത്. കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. നിങ്ങളെ കഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ എന്നിൽ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങളുടെ പരാതികൾ ഞാൻ പരിശോധിക്കും’–ഡിജിപിയോടൊപ്പം പന്തലിലെത്തിയ മമത പ്രക്ഷോഭകരോടു പറഞ്ഞു.
ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കാതെ ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട മമത, അവർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാവില്ലെന്നും ഉറപ്പുനൽകി. ജനാധിപത്യ പ്രതിഷേധത്തെ അടിച്ചമർത്താൻ ബംഗാൾ ഉത്തർപ്രദേശല്ലെന്നും അവർ പറഞ്ഞു. മമതയുടെ സന്ദർശനത്തിനു ശേഷമാണ് ഡോക്ടർമാർ ചർച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കി സർക്കാരിന് മെയിലയച്ചത്. വൈകുന്നേരം 6.45ന് സംഘം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയെങ്കിലും ലൈവ് സ്ട്രീമിങ് ആവശ്യം സർക്കാർ അംഗീകരിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടെടുത്തു.
പിന്തുണയുമായി
ഉഷാ ഉതുപ്പിന്റെ പാട്ട്
കൊൽക്കത്ത ∙ ഡോക്ടർമാർ നടത്തിവരുന്ന സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഗായിക ഉഷാ ഉതുപ്പ് വിഡിയോ പുറത്തിറക്കി. 5 മിനിറ്റ് ദൈർഘ്യമുള്ള ‘ജാഗോ രേ’ എന്ന വിഡിയോ ഗാനത്തിൽ പീഡനത്തിൽ കൊല്ലപ്പെട്ട പിജി വിദ്യാർഥിനിക്ക് നീതി തേടി ഒരു സംഘം വനിതകളോടൊപ്പം ഗായിക പ്ലക്കാർഡ് പിടിച്ചു പ്രതിഷേധിക്കുകയും സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. നേരത്തേ പ്രമുഖഗായകൻ അരിജിത് സിങ്ങും കൊല്ലപ്പെട്ട വിദ്യാർഥിനിക്ക് ആദരമർപ്പിച്ച് വിഡിയോ പുറത്തിറക്കിയിരുന്നു.