ADVERTISEMENT

ന്യൂഡൽഹി ∙ സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് പൊതുതാൽപര്യത്തിന് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥലമുടമ വിസമ്മതിച്ചാലും ടെലികോം കമ്പനികൾക്ക് ജില്ലാ കലക്ടർ വഴി അനുമതി നേടാം. 

2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ടെലികോം നിയമത്തിലുൾപ്പെട്ട വ്യവസ്ഥകൾ കേന്ദ്രം വിജ്ഞാപനം ചെയ്തു. ലൈനുകൾ വലിക്കാനും ടവർ സ്ഥാപിക്കാനും അനുമതി തേടി സ്വകാര്യവ്യക്തിക്ക് കമ്പനി അപേക്ഷ നൽകണം. അനുമതി ലഭിക്കാതെ വന്നാൽ കലക്ടർക്ക് ഇടപെടാം. 

∙ 30 ദിവസത്തിനകം നോട്ടിസ്, പത്രപ്പരസ്യം 

സ്ഥലമുടമയുമായി ധാരണയിൽ എത്താനായില്ലെങ്കിൽ, ടെലികോം കമ്പനിക്ക് നിശ്ചിത പോർട്ടൽ വഴി ജില്ലാ കലക്ടർക്ക് അപേക്ഷ നൽകാം. 30 ദിവസത്തിനുള്ളിൽ സ്ഥലമുടമയ്ക്ക് നോട്ടിസ് നൽകുകയോ അപേക്ഷ തള്ളുകയോ ചെയ്യാം. 

നേരിട്ടോ തപാൽ വഴിയോ നോട്ടിസ് എത്തിക്കാനാകുന്നില്ലെങ്കിൽ സ്ഥലമുടമയുടെ പ്രദേശത്ത് സർക്കുലേഷനുള്ള പത്രത്തിൽ നോട്ടിസിന്റെ ഉള്ളടക്കം പരസ്യമായി നൽകണം. നോട്ടിസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ സ്ഥലമുടമ രേഖാമൂലം മറുപടി അറിയിക്കണം. ഇതു പരിഗണിച്ച ശേഷം, അനുമതി നൽകണോ വേണ്ടയോ എന്ന് അടുത്ത 60 ദിവസത്തിനുള്ളിൽ കലക്ടർ തീരുമാനിക്കണം. അനുമതി നൽകിയാൽ സ്ഥല വിസ്തീർണം, നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിലെ വ്യവസ്ഥകൾ വ്യക്തമാക്കണം. 

∙ ടവർ,കേബിൾ നീക്കാനും വ്യവസ്ഥ 

നിലവിലുള്ള ടവർ, കേബിൾ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് സ്ഥലമുടമയ്ക്കു തോന്നിയാൽ ടെലികോം കമ്പനിക്ക് അപേക്ഷ നൽകാം. 

30 ദിവസത്തിനകം ഇത് സംബന്ധിച്ച പ്ലാൻ ഉടമയ്ക്ക് കമ്പനി കൈമാറണം. ഉടമയ്ക്ക് ലഭിച്ച നഷ്ടപരിഹാരം കൂടി പരിഗണിച്ച്, ടവർ നീക്കം ചെയ്യാനുള്ള ചെലവിന്റെ കാര്യത്തിൽ പരസ്പരധാരണയിലെത്തണം. തുടർന്ന് 60 ദിവസത്തിനകം ടവർ/കേബിൾ നീക്കം ചെയ്യണം.

English Summary:

Mobile tower and telecom line on private land: Companies can get permission even if landlord refuses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com